ലണ്ടന്‍:ഫ്രാന്‍സിനെ 2018ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ജേതാക്കളാക്കിയ നായകനും ടീമിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളുമായ ഹ്യൂഗോ ലോറിസിന്‍റെ കൂടുമാറ്റത്തില്‍ സ്ഥിരീകരണവുമായി ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം (Tottenham On Hugo Lloris Transfer). പ്രീമിയര്‍ ലീഗില്‍ നിന്നും 37 കാരനായ താരം ലയണല്‍ മെസി പന്ത് തട്ടുന്ന മേജര്‍ ലീഗ് സോക്കറിലെ (MLS) ലോസ് ആഞ്ചെലെസ് എഫ്‌സിയിലേക്കാണ് (Los Angeles FC) ചേക്കേറുന്നത്. ഇതോടെ, ടോട്ടന്‍ഹാമുമായുള്ള 11 വര്‍ഷത്തോളം നീണ്ട കരിയറാണ് താരം അവസാനിപ്പിക്കുന്നത്.
ടീമിനൊപ്പം ഉണ്ടായിരുന്ന 11 വര്‍ഷങ്ങളില്‍ ഒന്‍പത് വര്‍ഷവും ടോട്ടന്‍ഹാം ക്യാപ്‌റ്റന്‍ ബാന്‍ഡ് അണിഞ്ഞാണ് ലോറിസ് കളിക്കളത്തില്‍ ഇറങ്ങിയിട്ടുള്ളത്. പ്രീമിയര്‍ ലീഗ് ക്ലബിന് വേണ്ടി താരം 447 മത്സരം കളിച്ചിട്ടുണ്ട്. ടോട്ടന്‍ഹാമിന് വേണ്ടി കൂടുതല്‍ മത്സരം കളിച്ച താരങ്ങളുടെ പട്ടികയില്‍ ഏഴാമനാണ് ഗോള്‍ കീപ്പറായ ലോറിസ്.
2019ല്‍ ലോറിസ് നായകനായിരിക്കെയാണ് ടോട്ടന്‍ഹാം ചാമ്പ്യന്‍സ് ലീഗിന്‍റെ (UEFA Champions League) ഫൈനലില്‍ എത്തിയത്. അന്ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിന്‍റെ തോല്‍വി വഴങ്ങിയതോടെ ടോട്ടന്‍ഹാമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെടുകായിരുന്നു. അതേസമയം, ടോട്ടന്‍ഹാം ജഴ്‌സിയില്‍ അവസാന മത്സരത്തിനായി താരം ഇന്നാണ് കളത്തിലിറങ്ങുന്നത്.