റൂർക്കേല: യൂറോപ്യൻ വമ്പൻമാരായ സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഒഡിഷയിലെ റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ നേരിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി മധ്യനിര താരങ്ങളായ അമിത് രോഹിദാസും ഹാർദിക് സിങും ഗോളുകൾ നേടി. ഇതോടെ പൂൾ ഡിയില്‍ മൂന്ന് പോയിന്‍റുമായി ഇന്ത്യ രണ്ടാമതെത്തി. ഇംഗ്ലണ്ടും വെയില്‍സുമാണ് പൂൾ ഡിയിലെ മറ്റ് ടീമുകൾ. ഇംഗ്ലണ്ട് ഇന്ന് വെയില്‍സിനെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തോല്‍പ്പിച്ച് ഗോൾ ശരാശരിയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി.
കടന്നാക്രമിച്ച് ഇന്ത്യ: സ്‌പെയിനിന് എതിരെ ഇന്ത്യയാണ് മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത്. ആദ്യ ക്വാർട്ടറില്‍ 12-ാം മിനിട്ടില്‍ തന്നെ പെനാല്‍റ്റി കോർണർ ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. എന്നാല്‍ 13-ാംമിനിട്ടില്‍ രോഹിദാസ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി. രണ്ടാം ക്വാർട്ടറില്‍ ഇന്ത്യൻ ഗോളി പതകിന്‍റെ മികച്ച സേവ് ഇന്ത്യയ്ക്ക് രക്ഷയായി. ഉടൻ തന്നെ ഇന്ത്യ രണ്ടാം ഗോൾ നേടി മത്സരം പിടിച്ചു. ഹാർദിക് സിങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. മൂന്നും നാലും ക്വാർട്ടറുകളില്‍ ഇന്ത്യമികച്ച പ്രതിരോധമുയർത്തി വിജയം സ്വന്തമാക്കി.