ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പിന് ഇന്ന് ഔദ്യോഗിക കിക്കോഫ്. ടൂര്‍ണമെന്‍റിന്‍റെ 15-ാം പതിപ്പില്‍ 16 ടീമുകളാണ് കിരീടത്തിനായി പോരടിക്കുന്നത്. ആതിഥേയരായ ഇന്ത്യയെക്കൂടാതെ അർജന്‍റീന, ഓസ്‌ട്രേലിയ, ബെൽജിയം, ചിലി, ഇംഗ്ലണ്ട്, ഫ്രാൻസ്, ജപ്പാൻ, ജർമനി, നെതർലൻഡ്‌സ്, കൊറിയ, മലേഷ്യ, വെയിൽസ്, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ന്യൂസിലൻഡ് എന്നിവരാണ് മത്സരാര്‍ഥികള്‍. ആദ്യ ദിനമായ ഇന്ന് ഇന്ത്യയുടേതടക്കം നാല് മത്സരങ്ങളാണ് നടക്കുന്നത്.
ആദ്യമത്സരത്തില്‍ അര്‍ജന്‍റീനയ്‌ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളി. ഭുവനേശ്വറില്‍ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഇതേ വേദിയില്‍ മൂന്ന് മണിക്ക് ഓസ്‌ട്രേലിയ ഫ്രാന്‍സിനെ നേരിടും. വൈകിട്ട് അഞ്ചിന് റൂർക്കേലയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടും വെയ്‌ല്‍സും തമ്മിലാണ് പോര്.
വൈകിട്ട് ഏഴുമണിക്കാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. സ്‌പെയിനാണ് എതിരാളി. പൂള്‍ ഡിയുടെ ഭാഗമാണ് ഈ മത്സരം. ഇംഗ്ലണ്ട്, വെയ്‌ല്‍സ് എന്നീ ടീമുകളും പൂള്‍ ഡിയുടെ ഭാഗമാണ്.
1975ലാണ് ഇന്ത്യ അവസാനമായി ഹോക്കി ലോകകപ്പ് നേടുന്നത്. അന്ന് അജിത്പാല്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ കിരീടം ചൂടിയ ഇന്ത്യ തുടര്‍ന്നുള്ള ടൂര്‍ണമെന്‍റുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം പോയിട്ടില്ല. ഇക്കുറി ഒളിമ്പിക് വെങ്കലത്തിന്‍റെ പകിട്ടിലുള്ള ഹര്‍മന്‍പ്രീതിന്‍റെ സംഘം പുത്തന്‍ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുന്നത്.
ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യയേക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ പിറകിലാണെങ്കിലും സ്‌പെയിനെ വിലകുറച്ച് കാണാന്‍ കഴിയില്ല. ലോകകപ്പ് വേദികളില്‍ ഇതിന് മുന്നെ ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും വിജയം സ്‌പെയിനിന് ഒപ്പമായിരുന്നു.
രണ്ട് തവണയാണ് ഇന്ത്യയ്‌ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. അവസാന അഞ്ച് മത്സരങ്ങളില്‍ ഇരു ടീമുകളും രണ്ട് വീതം ജയം നേടിയപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. യുവത്വവും അനുഭവപരിചയവും ഒത്തുചേര്‍ന്നതാണ് ഇന്ത്യന്‍ നിര.
മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിനൊപ്പം മൻപ്രീത് സിങ്, ഹർമൻപ്രീത് സിങ്, ആകാശ്‌ദീപ് സിങ്, ഹാര്‍ദിക് സിങ് തുടങ്ങിയ താരങ്ങളുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. പൂള്‍ ജേതാക്കള്‍ക്ക് മാത്രമേ നേരിട്ട് ക്വാര്‍ട്ടറിലെത്താനാവു എന്നിരിക്കെ എല്ലാ മത്സരങ്ങളും ടീമുകള്‍ക്ക് നിര്‍ണായകമാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ മുന്നേറ്റമുറപ്പിക്കാന്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കേണ്ടിവരും.
കാണാനുള്ള വഴി: സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലാണ് ഒഡിഷയില്‍ നടക്കുന്ന ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ്: പി.ആർ. ശ്രീജേഷ്, കൃഷ്‌ണ പഥക്, ജർമൻപ്രീത് സിങ്, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിങ് (ക്യാപ്റ്റൻ), വരുൺ കുമാർ, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റൻ), നിലം സഞ്ജീപ് സെസ്സ്, മൻപ്രീത് സിങ്, ഹാർദിക് സിങ്, നീലകണ്ഠ ശർമ, ഷംഷേർ സിങ്, വിവേക് സാഗർ പ്രസാദ്, ആകാശ്‌ദീപ് സിങ്, മന്ദീപ് സിങ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്, സുഖ്‌ജീത് സിങ്.