കേരളം

kerala

ഹോക്കി ലോകകപ്പ്: ഇന്ത്യയ്‌ക്ക് സഡന്‍ ഡെത്ത്, ന്യൂസിലന്‍ഡിനോട് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ ആതിഥേയര്‍ പുറത്ത്

By

Published : Jan 23, 2023, 9:18 AM IST

3-1 ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് കയറിയാണ് ന്യൂസിലന്‍ഡ് സഡന്‍ ഡെത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.

hockey world cup 2023  hockey  hockey world cup  india  hockey world india  FIH  Hockey india vs newzeland match result  ഹോക്കി ലോകകപ്പ്  ഇന്ത്യ  ന്യൂസിലന്‍ഡ്  ഹോക്കി ലോകകപ്പ് ഇന്ത്യ പുറത്ത്
HOCKEY

ഭുവനേശ്വര്‍:ഹോക്കി ലോകകപ്പില്‍ നിന്നും ആതിഥേയരായ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ക്രോസ് ഓവര്‍ മത്സരത്തില്‍ പിന്നില്‍ നിന്നും തിരിച്ചടിച്ച് കയറിയ ന്യൂസിലന്‍ഡ് സഡന്‍ ഡെത്തിലാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നാലിനെതിരെ അഞ്ച് ഗോളിനാണ് കിവീസ് ഇന്ത്യയെ തകര്‍ത്തത്.

മത്സരത്തില്‍ 3-1ന് മുന്നില്‍ നിന്ന ഇന്ത്യക്കെതിരെ ആറ് മിനിട്ടിനിടെയാണ് ന്യൂസിലന്‍ഡ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്. ലളിത് കുമാര്‍ ഉപാധ്യയ്, സുഖ്‌ജീത് സിങ്, വരുണ്‍ കുമാര്‍ എന്നിവരായിരുന്നു ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍മാര്‍. ലെയ്ന്‍ സാം, റസ്സല്‍ കെയ്ന്‍, ഫിന്‍ഡ്‌ലെ സീന്‍ എന്നിവരുടെ ഗോളുകളിലൂടെയാണ് കിവീസ് ഇന്ത്യക്ക് മറുപടി നല്‍കിയത്.

മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമിനും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യക്കഅ അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഹര്‍മന്‍പ്രീത് സിങ്ങിന്‍റെ ഫ്ലിക്കിന് ന്യൂസിലന്‍ഡ് ഗോള്‍കീപ്പര്‍ ലിയോണ്‍ ഹെയ്‌വാര്‍ഡിനെ കടന്ന് പോകാന്‍ സാധിച്ചില്ല. രണ്ടാം ക്വാര്‍ട്ടറിലാണ് ഇന്ത്യ ലീഡ് നേടിയത്.

ആകാശ്‌ദീപിന്‍റെ നേതൃത്വത്തില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ലളിത് കുമാര്‍ എതിര്‍ ഗോള്‍ വല കുലുക്കുകയായിരുന്നു. 24ാം മിനിട്ടില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച സുഖ്‌ജീത് സിങ് ഇന്ത്യയുടെ ലീഡുയര്‍ത്തി. എന്നാല്‍ 28-ാം മിനിട്ടില്‍ ലെയ്ന്‍ സാമിലൂടെ ന്യൂസിലന്‍ഡ് ഒരു ഗോള്‍ മടക്കി.

മൂന്നാം ക്വാര്‍ട്ടറില്‍ വരുണ്‍ കുമാറിലൂടെയാണ് ഇന്ത്യ മൂന്നാം ഗോള്‍ നേടിയത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. മത്സരത്തിന്‍റെ മൂന്നാമത്തെ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ന്യൂസിലന്‍ഡ് തിരിച്ചടിച്ചു.

പെനാല്‍റ്റി കോര്‍ണറിലൂടെ ലഭിച്ച അവസരം റസ്സല്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. അവസാന ക്വാര്‍ട്ടറിലാണ് ന്യൂസിലന്‍ഡ് സമനില ഗോള്‍ നേടിയത്. ഇത്തവണയും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.

പെനാല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യ ശ്രമങ്ങള്‍ ഇരു ടീമുകളും കൃത്യമായി തന്നെ ലക്ഷ്യത്തിലെത്തിച്ചിരുന്നു. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ഇന്ത്യയുടെ അഭിഷേകിന് പിഴച്ചു. ഇതോടെ ഇന്ത്യ 2-3 ന് പിന്നിലായി.

നാലാം ശ്രമം ഗോളാക്കി മാറ്റാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചില്ല. അഞ്ചാം ശ്രമം ന്യൂസിലന്‍ഡിന്‍റെ സമി ഹിഹയ്ക്ക് പിഴച്ചു. ഇതോടെ സ്‌കോര്‍ 3-3 ആയതിന് പിന്നാലെ മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങിയതും ഇന്ത്യ തോല്‍വി വഴങ്ങിയതും. ഇന്ത്യയെ തോല്‍പ്പിച്ച് മുന്നേറിയ ന്യൂസിലന്‍ഡിന് ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയമാണ് എതിരാളികള്‍.

ABOUT THE AUTHOR

...view details