91 ഗ്രാന്‍ഡ് പ്രീകള്‍ സ്വന്തമാക്കി റെക്കോഡിട്ട ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷൂമാക്കറിന്‍റെ മകന്‍ മൈക്ക് ഇന്ന് ഏറെ സന്തോഷത്തിലാണ്. പിതാവ് ട്രാക്കില്‍ കുറിച്ച റെക്കോഡിന് ഒരു അവകാശി കൂടി വരാന്‍ പോകുന്നതിനെ അവന്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്നു. നാളെ റഷ്യയില്‍ നടക്കുന്ന ഗ്രാന്‍ഡ് പ്രീയില്‍ ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍ട്ടണ്‍ വിജയിച്ചാല്‍ ഷൂമാക്കറിന്‍റെ റെക്കോഡിന് ഒപ്പമെത്താം. കായിക മേഖലയുടെ മാത്രം പ്രത്യേകതയാണ് സ്വന്തമെന്ന് കരുതുന്ന റെക്കോഡുകള്‍ തകര്‍ക്കുമ്പോഴുള്ള ആഹ്ളാദമെന്നും മൈക്ക് പറഞ്ഞു.
ഷുമാക്കറിന് ഒപ്പമെത്താന്‍ ഹാമില്‍ട്ടണ്‍; സന്തോഷം പങ്കുവെച്ച് മകന്‍ മൈക്ക് ഷുമാക്കര്‍
ഫോര്‍മുല വണ്‍ റേസ് ട്രാക്കിലേക്കുള്ള തയ്യാറെടുപ്പിലാണ് ഇതിഹാസ താരം മൈക്കള്‍ ഷുമാക്കറിന്‍റെ 22 വയസുള്ള മകന്‍ മൈക്ക്
റെക്കോഡുകള്‍ തകര്‍ക്കപെടാനുള്ളതാണെന്ന ഷുമാക്കറിന്‍റെ വാക്കുകള്‍ ഓര്‍ത്തെടുത്താണ് മകന്‍ മൈക്ക് തന്‍റെ ആഹ്ളാദം പങ്കുവെച്ചത്. പിതാവ് പതിവായി പറയാറുള്ള വാക്കുകളായിരുന്നു ഇതെന്ന് ട്രാക്കിലെ വേഗതാരമാകാന്‍ തയ്യാറെടുക്കുന്ന മൈക്ക് കൂട്ടിച്ചേര്‍ത്തു. ഷുമാക്കറിന്‍റെ മകന്‍ മൈക്ക് അടുത്ത് തന്നെ ഫോര്‍മുല വണ്‍ ട്രാക്കില്‍ വളയം പിടിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 22 വയസുള്ള മൈക്ക് നിലവില്‍ ഫെരാരിക്ക് വേണ്ടി ഫോര്‍മുല 2 വില്‍ മത്സരിക്കുകയാണ്. ഫെരാരി റേസിങ് അക്കാദമിയില്‍ മൈക്ക് ചേര്‍ന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്ത് വന്നത്.
ഷുമാക്കര്‍ തന്‍റെ 17 വര്‍ഷത്തെ കരിയറിലാണ് 19 ഗ്രാന്‍ഡ് പ്രീ വിജയങ്ങള്‍ സ്വന്തമാക്കിയത്. നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായുണ്ടായ അപകടം ആ കരിയര്‍ അവസാനിപ്പിച്ചത്. ആല്‍പ്‌സ് പര്‍വതനിരയില്‍ സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റ ഷുമാക്കര്‍ നിലവില്‍ കിടപ്പിലാണ്. 2013ല്‍ ഉണ്ടായ അപകടത്തെ അതിജീവിച്ച് ജീവിതത്തിന്‍റെ ട്രാക്കിലേക്ക് തിരിച്ചെത്താന്‍ ഷുമാക്കര്‍ക്ക് ഇതേവരെ സാധിച്ചിട്ടില്ല. കുടുംബത്തിന്‍റെ തണലിലാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.