അഹമ്മദാബാദ്: 36ാമത് ദേശീയ ഗെയിംസ് ഗുജറാത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. സെപ്റ്റംബർ 27 മുതല്‍ ഒക്ടോബർ 10 വരെയാണ് ഗെയിംസ് നടക്കുകയെന്ന് ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്‌തു. ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഗുജറാത്തിന്‍റെ അഭ്യര്‍ഥന അംഗീകരിച്ചതിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസ് ഗുജറാത്തില്‍; ഐഒഎയ്‌ക്ക് നന്ദി പറഞ്ഞ് ഭൂപേന്ദ്ര പട്ടേൽ - ദേശീയ ഗെയിംസ് ഗുജറാത്തില്‍
ദേശീയ ഗെയിംസിന് ആദ്യമായി ആതിഥേയത്വം വഹിക്കാനൊരുങ്ങി ഗുജറാത്ത്.
അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ഭാവ്‌നഗർ എന്നീ നഗരങ്ങളിലാണ് ഗെയിംസിന് വേദിയാവുക. സംസ്ഥാനം ഇതാദ്യമായാണ് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അശ്വനി കുമാർ പറഞ്ഞു.
34 കായിക ഇനങ്ങളിലായി രാജ്യത്തെ 7,000ത്തോളം കായിക താരങ്ങള്‍ ഗെയിംസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം 2015ൽ കേരളത്തിലാണ് അവസാനമായി ദേശീയ ഗെയിംസ് നടന്നത്. കൊവിഡ് അടക്കമുള്ള വിവിധ കാരണങ്ങളാലാണ് ഗെയിംസിന്‍റെ 36ാം പതിപ്പ് പലതവണ നീട്ടിവയ്‌ക്കേണ്ടി വന്നത്.