ഗോള്‍, ഈ ദ്വയാക്ഷരത്തില്‍ ചുറ്റിപ്പിണഞ്ഞാണ് ഫുട്ബോള്‍. കാല്‍ക്കുതിപ്പിലെ ചുവടടവുകള്‍ ആ ലക്ഷ്യത്തിലേക്കാണ്. നിമിഷവേഗത്തില്‍ ഒടിവിദ്യയിലൂടെ എതിരാളിയെ വകഞ്ഞുള്ള ഒഴുകിമറിയലുകള്‍ക്കൊടുവില്‍ വലയിലൊരു ചൂടന്‍ ചുംബനം. പിന്നെ കളത്തിലും ഗ്യാലറിയിലും ആവേശാരവം. അതിനിര്‍ണായക മത്സരങ്ങളില്‍ ഭൂഗോളം അന്നേരമൊരു ആവേശക്കാല്‍പന്താവും.
പന്തിന്‍റെ ത്രസിപ്പിക്കുന്ന വലയേറ്റങ്ങളും, ഞെട്ടിപ്പിക്കുന്ന സേവുകളും, ഹൃദയം പൊട്ടുന്ന നഷ്ടപ്പെടുത്തലുകളും സംഭവിക്കുന്ന കളികള്‍ വേറിട്ട് അടയാളപ്പെടുത്തപ്പെടും. ആ വഴിത്തിരിവുകള്‍ക്ക് കാരണഭൂതരായ താരങ്ങള്‍ ഫുട്ബോള്‍ ഉള്ളിടത്തോളം ഓര്‍മിക്കപ്പെടും. കാല്‍പന്തുകളിയിലെ അങ്ങനെയൊരു അവിസ്മരണീയ നിമിഷമാണ് 'ഇരുപതാം നൂറ്റാണ്ടിന്‍റെ സേവ്'
1970 ല്‍ മെക്സിക്കോ ആതിഥേയരായ ഫുട്ബോള്‍ ലോകകപ്പിലാണ് ഇതിഹാസ താരം പെലെയെ പോലും ഉലച്ചുകളഞ്ഞ ആ 'രക്ഷപ്പെടുത്തല്‍' ഉണ്ടായത്. ജൂണ്‍ 7 ന് ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ബ്രസീല്‍ ഇംഗ്ലണ്ടിനെതിരെ. വേദി ഗ്വാദലരജയിലെ ജാലിസ്‌കോ സ്റ്റേഡിയം. അലകടല്‍ പോലെ ഇളകിമറിയുന്ന ഗ്യാലറിയില്‍ 66,843 പേര്‍.
മത്സരം തുടങ്ങി പത്താംമിനിട്ടിലാണ് അത് സംഭവിച്ചത്. കാലില്‍ കോര്‍ത്ത പന്തുമായി, തന്നെ മാര്‍ക്ക് ചെയ്തിരുന്ന ടെറി കൂപ്പറിനെ ചടുല ചുവടുകളോടെ മറികടന്ന് ജെര്‍സീഞ്ഞോ. പക്ഷേ വരയ്ക്ക് പുറത്തേക്ക് പോകുമായിരുന്ന പന്തിനെ അത്രമേല്‍ വിദഗ്‌ധമായി താരം പെലെയിലേക്ക് ക്രോസ് ചെയ്യുന്നു. അത്തരമൊരു നീക്കം കരുതിയിരുന്ന പെലെ സര്‍വകരുത്തും തലയിലേക്ക് വലിച്ചുകെട്ടി വായുവിലുയര്‍ന്ന് വര്‍ധിത പ്രഹരശേഷിയോടെ അണുവിട പാളാതെ അളന്നുകുറിച്ച് ഗോള്‍ പോസ്റ്റിലേക്ക് ഹെഡര്‍ തൊടുത്തു.
കൂരമ്പുകണക്കെ പന്തുപാഞ്ഞപ്പോള്‍ ഗോളുറപ്പെന്ന വിചാരത്തില്‍ കൈകളുയര്‍ത്തി പെലെ ആഹ്ളാദാവേശം പ്രകടിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തതാണ്. പക്ഷേ പൊടുന്നനെ ഗോള്‍മുഖത്തൊരു കൊള്ളിയാന്‍, ഞെട്ടിക്കുന്നൊരു 'മീന്‍ പിടച്ചില്‍', ഇംഗ്ലണ്ടിന്‍റെ ഗോളി ഗോര്‍ഡന്‍ ബാങ്ക്സ് പന്ത് തട്ടിയകറ്റി. ബോള്‍ ക്രോസ് ബാറിന് മുകളിലൂടെ രക്ഷാമേഖലയിലേക്ക്.