ന്യൂഡല്‍ഹി: ദോഹ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പില്‍ 800 മീറ്റർ ഓട്ടത്തില്‍ ഇന്ത്യക്കായി സ്വർണം നേടിയ ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഏപ്രില്‍ 22ന് നടത്തിയ പരിശോധനയിലാണ് ഗോമതി പരാജയപ്പെട്ടത്.
ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി ഗോമതി മാരിമുത്തു
കുറ്റം തെളിഞ്ഞാല്‍ നാല് വർഷം വരെ വിലക്ക് ലഭിച്ചേക്കാം
എ സാമ്പിൾ പരിശോധനയില്‍ മുപ്പതുകാരിയായ ഗോമതി നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്. ബി സാമ്പിളും പോസിറ്റീവായാല്‍ നാല് വർഷം വരെയുള്ള വിലക്കാണ് താരത്തെ കാത്തിരിക്കുന്നത്. ഇതോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പില്‍ താരം നേടിയ സ്വർണം തിരികെ വാങ്ങിക്കും. ഗോമതിയുടെയടക്കം മൂന്ന് സ്വർണവും ഏഴ് വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. അതേസമയം മാർച്ചില്‍ പട്യാലയില്‍ നടന്ന ഫെഡറേഷൻ കപ്പിലും ഗോമതി മരുന്നടിച്ചിരുന്നു. എന്നാല്‍ നാഡാ അത് സംബന്ധിച്ച് റിപ്പോർട്ട് ഒന്നും നല്‍കിയില്ല. നാഡ ഇക്കാര്യം സമയത്തിന് അറിയിച്ചിരുന്നുവെങ്കില്‍ ഗോമതിക്ക് ഏഷ്യൻ ചാമ്പ്യൻഷിപ്പില്‍ അവസരം നല്‍കില്ലായിരുന്നുവെന്ന് അത്ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.