ന്യൂഡൽഹി:ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെ വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ്‌സി ഓഗസ്റ്റ് 23ന് ആദ്യ മത്സരത്തിനിറങ്ങും. ഉസ്‌ബെക്കിസ്ഥാനിലെ കർഷിയിൽ നടക്കുന്ന മത്സരത്തിൽ സോഗ്‌ഡിയാന-ഡബ്ല്യുവിനെയാണ് ഗോകുലം കേരള നേരിടുക. ഓഗസ്റ്റ് 26 ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇറാന്‍റെ ബാം ഖാത്തൂൺ എഫ്‌സിയേയും ഗോകുലം കേരള എഫ്‌സി നേരിടും.
എഎഫ്‌സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ്; ഗോകുലം കേരളയുടെ ആദ്യ മത്സരം ഓഗസ്റ്റ് 23ന് - ഫുട്‌ബോൾ വാർത്തകൾ
ഉസ്‌ബെക്കിസ്ഥാനിലെ കർഷിയിൽ നടക്കുന്ന മത്സരത്തിൽ സോഗ്‌ഡിയാന-ഡബ്ല്യുവാണ് ഗോകുലം കേരളയുടെ എതിരാളി
ഇത്തവണ രണ്ട് മേഖലകളിലായി വിപുലീകരിച്ച് നടത്തുന്ന മത്സരത്തിൽ ഏഷ്യയിൽ നിന്നുള്ള ആറ് ക്ലബ്ബുകളാണ് പങ്കെടുക്കുക. ഈസ്റ്റ് സോണിനായുള്ള മത്സരം ഓഗസ്റ്റ് 15 ന് തായ്‌ലൻഡിലെ ചോൻബുരിയിലാണ് ആരംഭിക്കുന്നത്. ഏഷ്യൻ സ്‌കോളേഴ്‌സ്, മ്യാൻമറിൽ നിന്നുള്ള ഐഎസ്‌പിഇ ഡബ്യുഎഫ്‌സി, ചൈനീസ് തായ്‌പേയിൽ നിന്നുള്ള തായ്‌ചുങ് ബ്ലൂ വെയ്‌ല്‍ എന്നീ ടീമുകളാണ് ഈസ്റ്റ് സോണിൽ കളിക്കുക.
ഗോകുലം ഉൾപ്പെടെ മൂന്ന് ക്ലബ്ബുകൾ ഉൾപ്പെടുന്ന വെസ്റ്റ് സോൺ മത്സരങ്ങൾ ഓഗസ്റ്റ് 20 മുതൽ ഉസ്ബെക്കിസ്ഥാനിലെ കർഷിയിലെ മർകസി സ്റ്റേഡിയത്തിൽ സോഗ്‌ഡിയാന-ഡബ്ല്യു, ബാം ഖാത്തൂൺ എഫ്‌സി മത്സരത്തോടെ ആരംഭിക്കും. ടൂർണമെന്‍റിന്‍റെ ഫൈനൽ ഈസ്റ്റ്, വെസ്റ്റ് സോണുകളിൽ മുന്നിലെത്തുന്ന രണ്ട് ടീമുകൾ തമ്മിൽ ഒക്‌ടോബർ 22 ന് നടക്കും.