അജ്‌മീര്‍ : ശൈശവ വിവാഹത്തിന്‍റെ കെണിയില്‍പ്പെടാതെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് മംമ്ത ഗുജ്ജാറെന്ന പെണ്‍കുട്ടിയെ ഗൂഗിൾ ഫുട്‌ബോൾ ഐക്കണെന്ന നേട്ടത്തിലേക്കെത്തിച്ചത്. രാജസ്ഥാനിലെ അജ്‌മീര്‍ ജില്ലയിലെ ഹസിയവാസ് ഗ്രാമത്തിൽ നിന്നുള്ള മംമ്തയിപ്പോള്‍ ഫുട്‌ബോളിൽ തന്‍റെ കരിയർ തുടരാനും ശോഭനമായ ഭാവി കരുപ്പിടിപ്പിക്കാനുമുള്ള പോരാട്ടത്തിലാണ്. 12ാം വയസില്‍ വിവാഹിതയാവാനിരുന്ന താരത്തെ മഹിള ജൻ അധികാര്‍ സമിതി എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരാണ് രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് ഫുട്‌ബോളിലേക്ക് ശ്രദ്ധ തിരിച്ച താരത്തിന് വീട്ടുകാരുടെ എതിര്‍പ്പടക്കം നിരവധി പ്രതിന്ധികളാണ് നേരിടേണ്ടി വന്നത്. ആണ്‍കുട്ടികളുടെ ഗെയിമെന്ന് തെറ്റായി വിശേഷിപ്പിക്കപ്പെടുന്ന ഫുട്‌ബോളിലേക്ക് കയറി വന്ന് നിലവില്‍ തന്‍റേതായ കരിയര്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് താരം. 15ാം വയസില്‍ സൽവാർ സ്യൂട്ടും സ്ലിപ്പറും ധരിച്ച് ഗ്രൗണ്ടിലെത്തിയ മംമ്തയെക്കുറിച്ച് പരിശീലകൻ സുധീർ ജോസഫ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
''പശുക്കളേയും വിളകളേയും പരിപാലിക്കുന്ന ജോലികളിലേര്‍പ്പെട്ടതിനാല്‍ ആദ്യ കാലങ്ങളില്‍ അവള്‍ക്ക് കളിക്കാനായിരുന്നില്ല. കുടുംബത്തിന്‍റെ പരമ്പരാഗത ചിന്താഗതിയും വളരെയധികം തടസം നിന്നിരുന്നു. പെൺമക്കൾ ഫുട്ബോൾ കളിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു.
മഹിള ജൻ അധികാര്‍ സമിതി അംഗങ്ങളാണ് മംമ്തയ്ക്ക് ഫുട്ബോൾ കിറ്റും ഷൂസും നൽകിയത്. അന്ന് ജില്ല ഫുട്ബോൾ അസോസിയേഷൻ അജ്‌മീറില്‍ ക്യാമ്പുകൾ നടത്തിയിരുന്നു. മറ്റ് പെൺകുട്ടികൾ ഷോർട്ട്‌സ് ധരിച്ച് ഫുട്‌ബോൾ കളിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവളുടെ വീട്ടുകാർക്ക് കളിയോടുള്ള സമീപനം മാറിയത്" - ജോസഫ് പറഞ്ഞു.