പാരിസ്:ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ കുതിപ്പ് തുടര്‍ന്ന് വമ്പന്മരായ താരങ്ങള്‍. ലോക ഒന്നാം സീഡ് കാര്‍ലോസ് അല്‍കാരസ്, മൂന്നാം സീഡ് നൊവാക് ജോക്കോവിച്ച്, അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് രണ്ടാം നമ്പര്‍ വനിത താരം അരിന സെബലെങ്ക എന്നിവര്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
നാലാം റൗണ്ടില്‍ ഒരു മണിക്കൂര്‍ 57 മിനിറ്റ് വരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മൂന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് പെറുവിന്‍റെ ജുവാൻ പാബ്ലോ വരില്ലസിനെ മറികടന്നത്. മത്സരത്തില്‍ ജോക്കോവിച്ചിന് ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താന്‍ വരില്ലസിനായിരുന്നില്ല. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യ സെറ്റ് 6-3 നാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്.
പിന്നാലെയുള്ള രണ്ട് സെറ്റും 6-2 എന്ന സ്‌കോറില്‍ പിടിച്ചെടുക്കാന്‍ സെര്‍ബിന്‍ താരത്തിനായി. ഇത് 17-ാം തവണയാണ് ജോക്കോ റോളണ്ട് ഗാരോസില്‍ അവസാന എട്ടില്‍ ഇടം പിടിക്കുന്നത്. ജയത്തോടെ 23 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ എന്ന നേട്ടത്തിന് ഒരുപടി കൂടി അരികിലേക്കെത്താന്‍ ജോക്കോവിച്ചിനായി.
നാളെയാണ് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി കളിമണ്‍ കോര്‍ട്ടില്‍ ഇറങ്ങുന്നത്. റഷ്യയുടെ കാരെൻ ഖച്ചനോവിനെയാണ് ജോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക. ഇറ്റലിയുടെ ലോറെൻസോ സോനെഗോയെ തോല്‍പ്പിച്ചാണ് ഖച്ചനോവ് അവസാന എട്ടിലേക്ക് യോഗ്യത നേടിയത്.
അല്‍കാരസ് x സിറ്റ്സിപാസ് പോര്:ലോറെൻസോ മുസെറ്റിയെ വീഴ്‌ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. രണ്ട് മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 20 കാരനായ താരത്തിന് അനായാസമായിരുന്നു കാര്യങ്ങളെല്ലാം. 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് അല്‍കാരസിന്‍റെ ജയം.