കേരളം

kerala

By ETV Bharat Kerala Team

Published : Jan 9, 2024, 6:54 PM IST

ETV Bharat / sports

മരണം മൂന്ന് ദിവസത്തെ ഇടവേളയില്‍, ഇതിഹാസങ്ങളുടെ സമാനതയില്‍ മരിയോ സഗാലോയും ബെക്കൻ ബോവറും

Franz Beckenbauer Mario Zagallo കളിക്കാരനായും പരിശീലകനായും ഫുട്‌ബോൾ ലോകകപ്പ് നേടിക്കൊടുത്ത് ബ്രസീലിന്‍റെയും ജർമനിയുടേയും എക്കാലത്തേയും ഫുട്‌ബോൾ ഇതിഹാസങ്ങളായി മാറിയ മാരിയോ സാഗാലോയും ഫ്രാൻസ് ബെക്കൻ ബോവറും വിടവാങ്ങി.

franz-beckenbauer-mario-zagalloEtv Bharat
franz-beckenbauer-mario-zagallo

മ്യൂണിച്ച്: സമാനതകളില്ലാത്ത പോരാട്ട വീര്യവും കാലാനുവർത്തിയായ പ്രതിഭയും കൊണ്ട് ലോകത്തെ അമ്പരപ്പിച്ച രണ്ട് പേർ. രണ്ട് ദിവസത്തെ ഇടവേളയില്‍ അവർ ലോകത്തോട് വിടപറയുമ്പോഴും സമാനതകൾ പിന്തുടർന്നു. കാല്‍പന്ത് കൊണ്ട് മായാജാലം കാണിച്ച പ്രതിഭകളെ പോലും അമ്പരപ്പിച്ച കളിമികവ്, മൈതാനത്തോട് വിടപറഞ്ഞ ശേഷം പരിശീലകരായും സംഘാടകരായും മാതൃരാജ്യത്തിന്‍റെ പേരും പ്രശസ്തിയും ലോകത്തിന് മുന്നില്‍ ഉയർത്തിക്കാട്ടിയവർ.

മരിയോ സഗാലോയും ബെക്കൻ ബോവറും: ഇത് രണ്ട് പേരുകൾ മാത്രമല്ല, ഇവർ ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളായിരുന്നു. ബ്രസീലിനെ ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച അവരുടെ എക്കാലത്തേയും വലിയ താരങ്ങളിൽ ഒരാളായ മരിയോ സഗാലോ 2024 ജനുവരി അഞ്ചിനാണ് ലോകത്തോട് വിട പറഞ്ഞത്. ജർമനിക്ക് കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിക്കൊടുത്ത ഫുട്‌ബോളിന്‍റെ സമസ്ത മേഖലകളിലും മികവ് തെളിയിച്ച ഫ്രാൻസ് ആന്‍റൺ ബെക്കൻ ബോവർ 2024 ജനുവരി എട്ടിന് മരിച്ചുവെന്നാണ് ജർമൻ മാധ്യമങ്ങൾ ലോകത്തെ അറിയിച്ചത്. മൂന്ന് ദിവസങ്ങൾക്കിടയിലെ സമാനത.

ബ്രസീല്‍ ഫുട്‌ബോൾ ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലെല്ലാം നിർണായക റോളുണ്ടായിരുന്നു സഗാലോയ്ക്ക്. 1958 ൽ ആദ്യമായി ബ്രസീൽ ലോക കിരീടം ചൂടിയപ്പോൾ മുതൽ 2014 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതുവരെയുള്ള എല്ലാ ഘട്ടത്തിലും സഗാലോ മുന്നണിയിലോ പിന്നണിയിലോ ഉണ്ടായിരുന്നു. കളിക്കാരനായും പരിശീലകനായും നാലു തവണ ലോകകിരീടം ചൂടിയ ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു സഗാലോ. 1958 ൽ ഇടത് വിങ്ങറായി തിളങ്ങിയ സഗാലോ അടങ്ങിയ ബ്രസീൽ ടീം ലോക ചാമ്പ്യന്മാരായി.

നാല് വർഷത്തിന് ശേഷം ടീം കിരീടം നിലനിർത്തി. 1970 ൽ പെലെ അടങ്ങുന്ന ബ്രസീലിന്റെ എക്കാലത്തേയും വലിയ താരനിരയെ പരിശീലിപ്പിച്ച് ലോക ചാമ്പ്യന്മാരാക്കിയ കോച്ചെന്ന നിലയിലും ലോകം മുഴവൻ സഗാലോ ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിലൊരാളായി. ഫുട്‌ബോളിലെ 'പ്രൊഫസർ' എന്ന വിളിപ്പേരിനോട് പൂർണമായും നീതി പുലർത്തിയാണ് 92-ാം വയസില്‍ സഗാലോ വിടപറഞ്ഞത്.

കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് കിരീടം നേടിയ ലോകത്തെ മൂന്ന് താരങ്ങളിൽ ഒരാളായിരുന്നു ബെക്കൻബോവർ. ആദ്യം ബ്രസീലിന്‍റെ മാരിയോ സഗല്ലോ, പിന്നെ ബെക്കൻ ബോവർ, ഒടുവില്‍ ഫ്രാൻസിന്‍റെ ദിദിയർ ദെഷാംപ്‌സ്. പശ്ചിമ ജർമനിക്കായി 104 മത്സരങ്ങൾ കളിച്ച ബെക്കൻ ബോവർ ക്യാപ്റ്റനെന്ന നിലയിൽ ജർമനിയെ 1974-ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 16 വർഷത്തിനു ശേഷം 1990-ൽ ജർമനിയെ പരിശീലകനായും ലോക കിരീടത്തിലെത്തിച്ചു.

1960കളുടെ മധ്യത്തിലും 70കളിലും ജർമൻ പ്രതിരോധ മതിലിന് ബലം നൽകിയ താരമായിരുന്നു ബെക്കൻ ബോവർ. മിഡ്‌ഫീൽഡറായി തുടങ്ങി, പിന്നീട് പ്രതിരോധത്തിലെ അസമാന്യ വൈദ​ഗ്ധ്യത്തിലൂടെ ആ സ്ഥാനത്തിനു പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തിയ വിഖ്യാത താരം. ലിബറോയെന്ന ആധുനിക ഫുട്ബോളിലെ സ്വീപ്പർ റോളിനു വർഷങ്ങൾക്ക് മുൻപ് തന്നെ അമ്പരപ്പിക്കുന്ന മികവിലൂടെ വ്യാകരണം ചമച്ച താരമായിരുന്നു കൈസർ എന്നറിയപ്പെട്ട ഫ്രാൻസ് ബെക്കൻ ബോവർ. മാൻ ടു മാൻ മാർക്കിങിനു പകരം മൈതാനത്ത് ഒഴുകിപ്പരന്നു കളിക്കുന്ന ശൈലിയാണ് അതിന്‍റെ കാതൽ. ആ റോളിൽ ബെക്കൻബോവർ മൈതാനം അടക്കി വാണു.

1974-ലെ ലോകകപ്പ് ഫൈനലിലാണ് ജർമൻ താരത്തിന്റെ വിശ്വരൂപം ഫുട്‌ബോൾ ലോകം കണ്ടത്. റിനസ് മൈക്കിൾസിന്റെയും സാക്ഷാല്‍ യോഹാൻ ക്രൈഫിന്‍റെയും ടോട്ടൽ ഫുട്‌ബോളിനെ മൈതാന മധ്യത്ത് തടഞ്ഞിട്ട ബെക്കൻ ബോവർ. അതുവരെ പ്രതിരോധത്തിന്‍റെ നെടുംതൂണായിരുന്ന ബെക്കൻ ബോവർ അറ്റാക്കിങ് സ്വീപ്പറെന്ന പൊസിഷൻ സൃഷ്ടിച്ചുകൊണ്ട് മുന്നിലേക്ക് കയറിക്കളിച്ചതോടെ ടോട്ടല്‍ ഫുട്‌ബോൾ എന്ന മഹത്തായ ആശയം നിഷ്‌പ്രഭമായി. ബോവറിന്‍റെ അളന്നുമുറിച്ച പാസുകളും ലോങ്ബോളുകളും ജർമനിക്ക് 1974ലെ ലോകകിരീടവും ഫുട്‌ബോളിന് പുതിയ ആശയങ്ങളും സമ്മാനിച്ചു.

1970-കളുടെ മധ്യത്തിൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനൊപ്പം തുടർച്ചയായ മൂന്ന് യൂറോപ്യൻ കപ്പ് ഉൾപ്പെടെ നിരവധി ബഹുമതികളും അദ്ദേഹം സ്വന്തമാക്കി. ഡെർ കൈസർ (ചക്രവർത്തി) എന്നറിയപ്പെട്ടിരുന്ന ബെക്കൻബോവർ ലോകകപ്പും യുവേഫ ചാമ്പ്യൻസ് ലീഗും ബാലൺദ്യോറും നേടിയ ലോകത്തെ ചുരുക്കം താരങ്ങളിൽ ഒരാളാണ്.

രണ്ടു തവണ യൂറോപ്യൻ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജർമനിക്കായി മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും കളിച്ചു. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ബെക്കൻ ബോവറുടെ പേരിൽ തന്നെ. ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം. 1974, 1975, 1976 വർഷങ്ങളിൽ ബയേണിനൊപ്പം തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തിട്ടു. പിന്നീട് ബയേണിന്‍റെ പരിശീലകനായും പ്രസിഡന്‍റായും പ്രവർത്തിച്ച ശേഷമാണ് 78-ാം വയസില്‍ ബെക്കൻ ബോവർ ലോകത്തോട് വിട പറഞ്ഞത്.

ABOUT THE AUTHOR

...view details