പാരിസ്: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് പുറത്ത്. തുടര്‍ച്ചയായ നാലാം മത്സരത്തിലും ജയം പിടിക്കാനാവാത്തതാണ് ഫ്രാന്‍സിന് പുറത്തേക്കുള്ള വാതില്‍ തുറന്നത്. ഗ്രൂപ്പ് എയിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ക്രൊയേഷ്യയോട് ഫ്രാന്‍സ് തോല്‍വി വഴങ്ങി.
ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. നായകന്‍ ലൂക്ക മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി താരം ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ക്രൊയേഷ്യയുടെ ആന്‍റേ ബുഡിമിറിനെ ഫ്രഞ്ച് പ്രതിരോധ താരം ഇബ്രാഹിമ കോണ്ടെ ഫൗള്‍ ചെയ്‌തതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്.
ഇതോടെ നാല് കളികളില്‍ നിന്ന് രണ്ട് സമനിലയും രണ്ട് തോല്‍വിയുമടക്കം രണ്ട് പോയിന്‍റ് മാത്രമാണ് ഫ്രാന്‍സിന്‍റെ പട്ടികയിലുള്ളത്. ഗ്രൂപ്പില്‍ ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും സംഘത്തിന് മുന്നേറ്റം അസാധ്യമാണ്. ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് തോറ്റ ഫ്രാന്‍സ് ( 2-1ന്), രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില (1-1) വഴങ്ങിയിരുന്നു.
മൂന്നാം മത്സരത്തില്‍ ഓസ്‌ട്രിയയോടും ഫ്രാന്‍സ് സമനിലയില്‍ (1-1) കുരുങ്ങി. സെപ്‌റ്റംബര്‍ 22ന് ഓസ്‌ട്രിയയോടാണ് ഫ്രാന്‍സിന്‍റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ തോറ്റാല്‍ ഫ്രാൻസിനെ ലീഗ് ബിയിലേക്ക് എത്തിക്കും. ഡെന്മാര്‍ക്കിനെതിരെ സെപ്‌റ്റംബര്‍ 25നാണ് ലീഗില്‍ ഫ്രാന്‍സിന്‍റെ അവസാന മത്സരം.
അതേസമയം തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ. നാല് മത്സരങ്ങളില്‍ നിന്നും എഴ് പോയിന്‍റാണ് സംഘത്തിനുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്ക് ഓസ്‌ട്രിയയെ 2-0ത്തിന് തോല്‍പ്പിച്ചു. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് ഡെന്മാര്‍ക്ക്.