പാരിസ് : ഖത്തർ ലോകകപ്പിലൂടെ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് തങ്ങളുടെ 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഴ് അറ്റാക്കർമാരും, ആറ് മിഡ്‌ഫീൽഡർമാരും, ഒൻപത് ഡിഫൻഡർമാരും, മൂന്ന് ഗോൾകീപ്പർമാരും ഉൾപ്പടെ കരുത്തുറ്റ ടീമുമായാണ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് ഖത്തറിലേക്കെത്തുന്നത്. 2014ന് ശേഷം കരീം ബെൻസേമ ആദ്യമായി ഫ്രാൻസിന്‍റെ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
പരിക്ക് പിടിമുറുക്കിയ പോൾ പോഗ്‌ബ, എൻഗോളോ കാന്‍റെ തുടങ്ങിയ വമ്പൻമാർ ടീമിൽ ഉൾപ്പെട്ടിട്ടില്ല. സൂപ്പർ താരങ്ങളായ കരീം ബെൻസേമ, കിലിയൻ എംബാപ്പെ, അന്‍റോയ്‌ൻ ഗ്രീസ്‌മാൻ തുടങ്ങിയ താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്കിന്‍റെ പിടിയിലായ റാഫേൽ വരാനെ, ഒളിവർ ജിറൂദ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിന് മുൻപ് ഇരുവരും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.
അതേസമയം പോൾ പോഗ്‌ബ, എൻഗോളോ കാന്‍റെ തുടങ്ങിയ താരങ്ങളുടെ അഭാവം ടീമിന്‍റെ മധ്യനിരയെ സാരമായി തന്നെ ബാധിച്ചേക്കും. താരതമ്യേന അനുഭവസമ്പത്ത് കുറഞ്ഞ യുവതാരങ്ങളാണ് നിലവിൽ ഫ്രാൻസിന്‍റെ മധ്യനിരയിലുള്ളത്. ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാന്‍സ്. നവംബര്‍ 23-ന് ഓസ്ട്രേലിയക്കെതിരെയാണ് ഫ്രാൻസിന്‍റെ ആദ്യ മത്സരം.
ഫ്രാൻസ് ടീം:
- ഗോള്‍കീപ്പര്‍മാര്‍:ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്ദാന്‍ഡ, അല്‍ഫോണ്‍സ് അരിയോള
- ഡിഫന്‍ഡര്‍മാര്‍:ലൂക്കാസ് ഹെര്‍ണാണ്ടസ്, തിയോ ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ, ഇബ്രാഹിമ കൊണാറ്റെ, യൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാര്‍ഡ്, വില്യം സാലിബ, റാഫേല്‍ വരാന്‍, ഡായോ ഒപമെക്കാനോ.
- മിഡ്‌ഫീല്‍ഡര്‍മാര്‍:എഡ്വേര്‍ഡോ കാമവിംഗ, യൂസഫ് ഫൊഫാന, മാറ്റിയോ ഗെന്‍ഡുസി, അഡ്രിയന്‍ റാബിയോട്ട്, ഒറെലിയന്‍ ചുവമെനി, ജോര്‍ദാന്‍ വേറെറ്റോ
- ഫോര്‍വേഡുകള്‍: കരീം ബെന്‍സെമ, കിങ്സ്ലി കോമാന്‍, ഒസ്‌മാന്‍ ഡെംബെലെ, ഒളിവിയര്‍ ജിറൂദ്, അന്‍റോയിന്‍ ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പെ, ക്രിസ്റ്റഫര്‍ എന്‍കുങ്കു.