കൊളറാഡോ: ഫോര്‍മുല വണ്‍ കാറോട്ട മല്‍സരങ്ങള്‍ക്കായുള്ള 2020ലെ പുതുക്കിയ കലണ്ടര്‍ പ്രഖ്യാപിച്ചു. ജൂലായില്‍ നടക്കുന്ന ഓസ്‌ട്രിയന്‍ ഗ്രാന്‍ഡ് പ്രിയോടു കൂടി ആദ്യത്തെ എട്ട് റെയ്‌സുകളാണ് ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ മല്‍സരങ്ങള്‍ മാറ്റിവെച്ചിരുന്നു. ആദ്യ മല്‍സരങ്ങളില്‍ കാണികള്‍ക്കുള്ള പങ്കാളിത്തം പരിമിതപ്പെടുത്തുമെങ്കിലും സുരക്ഷിതമെങ്കില്‍ ആരാധകര്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോര്‍മുല വണ്‍ അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രിയയിലെ റെഡ് ബുള്‍ റിങില്‍ നടക്കുന്ന മല്‍സരങ്ങള്‍ ജൂലായ് 5നാണ് ആരംഭിക്കുക. തുടര്‍ന്ന് തൊട്ടടുത്ത ആഴ്‌ച രണ്ടാമത്തെ മല്‍സരവും നടക്കും. പിന്നീടുള്ള ആഴ്‌ചയില്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രിയും നടക്കും.
ഫോര്‍മുല വണ്‍ കാറോട്ട മല്‍സരങ്ങള്‍: പുതുക്കിയ കലണ്ടര്‍ പ്രഖ്യാപിച്ചു - ഫോര്‍മുല വണ്‍ കാറോട്ട മല്‍സരങ്ങള്‍ക്കായുള്ള പുതുക്കിയ കലണ്ടര്‍ പ്രഖ്യാപിച്ചു
ജൂലായില്‍ നടക്കുന്ന ഓസ്‌ട്രിയന്‍ ഗ്രാന്‍ഡ് പ്രിയോടു കൂടിയാണ് ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ പുന:രാരംഭിക്കുന്നത്.
സില്‍വര്‍ സ്റ്റോണില്‍ നടക്കുന്ന ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിയ്‌ക്ക് ശേഷം ബാര്‍സലോണയില്‍ വെച്ച് സ്‌പാനിഷ് ഗ്രാന്‍ഡ് പ്രിയും നടക്കും. ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിയ്‌ക്ക് ശേഷം സെപ്‌റ്റംബര്‍ ആറിന് മോണ്‍സയില്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രി ആരംഭിക്കും. എഫ്ഐഎ, ടീമുകള്‍, പങ്കാളികള്‍ എന്നിവരോട് കഴിഞ്ഞ ആഴ്‌ചകളിലായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 2020ലെ പുതുക്കിയ കലണ്ടര്‍ പ്രഖ്യാപിച്ചതെന്ന് ഫോര്‍മുല വണ്‍ സിഇഒ ചെയ്‌സ് കാറി വ്യക്തമാക്കി. അടുത്ത ആഴ്‌ചകളില്‍ ശേഷിക്കുന്ന മല്‍സരങ്ങളുടെ കലണ്ടറുകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2020 സീസണില്‍ കൊവിഡ് മൂലം ആസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രി റദ്ദാക്കിയിരുന്നു. പത്ത് മല്‍സരങ്ങളാണ് കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെക്കേണ്ടി വന്നത്.