ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ലോകകപ്പ് വേദിയിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇറാനിയൻ ഫുട്‌ബോൾ താരത്തെ വധശിക്ഷക്ക് വിധിച്ചതായി റിപ്പോർട്ട്. ഇറാനിയന്‍ ഫുട്ബോള്‍ താരം അമീര്‍ നസ്‍ര്‍ അസാദാനി വധശിക്ഷയെ നേരിടുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ഫുട്ബോള്‍ കളിക്കാരുടെ യൂണിയനായ ഫിഫ്പ്രോയാണ് ട്വീറ്റ് ചെയ്‌തത്.
അമീർ നസ്‌ർ അസാദാനിയോട് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്‍റെ ശിക്ഷ ഒഴിവാക്കണമെന്നും ഫിഫ്‌പ്രോ ട്വീറ്റ് ചെയ്‌തു. 2016-18 കാലയളവില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗ് സൈഡ് ട്രാക്‌ടറില്‍ കളിച്ചിട്ടുള്ള താരമാണ് നസ്ര്‍-അസാദാനി. നേരത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പേരെ ഇറാൻ സർക്കാർ തൂക്കിലേറ്റിയിരുന്നു.
ഇസ്ലാമിക വസ്ത്രധാരണ രീതി പിന്തുടരാന്‍ വിസമ്മതിച്ച 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തുടനീളം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ഇറാന്‍ സാക്ഷ്യം വഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇറാന്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയപ്പോള്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ നിശബ്‌ദത പാലിച്ച് സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്‌ചയാണ് ആദ്യമായി പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരാളെ തൂക്കി കൊന്നത്. കഴിഞ്ഞ ദിവസം രണ്ടാമത്തെയാളെയും ഇറാന്‍ തൂക്കിലേറ്റി. ഇതിന് പിന്നാലെയാണ് ഫുട്‌ബോൾ താരം അമീർ നസ്ർ-അസാദാനി വധശിക്ഷ നേരിടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. താരത്തെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്‌തുവെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ സെപ്‌റ്റംബര്‍ 16 നാണ് മഹ്സ അമിനിയെ ശരിയായി ഹജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസ് ക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയത്. ഇതിന് പിന്നാലെ മഹ്സ മരിച്ചു. തുടര്‍ന്ന് ഇറാനിലെമ്പാടും സര്‍ക്കാറിന്‍റെ ഹിജാബ് നിയമത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ഓളം ആളുകള്‍ കലാപത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.