സാവോ പോളോ:ഇതിഹാസ ഫുട്‌ബോളര്‍ പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സാവോ പോളോ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ ആശുപത്രിയില്‍ അന്ത്യം.
അര്‍ബുദം മൂര്‍ച്ഛിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനുവരി രണ്ട് മുതല്‍ ബ്രസീലിയന്‍ ക്ലബ്ബ് സാന്‍റോസ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ വിലാ ബെൽമിറോയില്‍ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷം ജനുവരി മൂന്നിന് പെലെയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
വന്‍കുടലില്‍ ബാധിച്ചിരുന്ന അര്‍ബുദം വൃക്കകളലേക്കും ഹൃദയത്തിലേക്കും പടര്‍ന്നതോടെയാണ് പെലെയുടെ ആരോഗ്യനില മോശമായത്. 2021 സെപ്‌റ്റംബറിലായിരുന്നു പെലെയ്‌ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വന്‍കുടലിലെ മുഴ നീക്കം ചെയ്‌തിരുന്നെങ്കിലും അദ്ദേഹം സ്ഥിരമായി ചികിത്സയിലായിരുന്നു.
ഖത്തര്‍ ലോകകപ്പിന്‍റെ തുടക്കത്തിലായിരുന്നു പെലെയുടെ ആരോഗ്യനില വഷളാണെന്ന തരത്തില്‍ ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ലോകകപ്പ് ആവേശങ്ങള്‍ക്കിടെയും തിരിച്ചുവരവിന്‍റെ അദ്ദേഹം നല്‍കിയിരുന്നു. കാല്‍പ്പന്ത് കളിയുടെ കനക കിരീടത്തില്‍ മുത്തമിട്ട ലയണല്‍ മെസിയേയും ഫൈനലില്‍ പോരാട്ടാവീര്യം പുറത്തെടുത്ത കിലിയന്‍ എംബാപ്പയേയും പെലെ മനസുതുറന്ന് അഭിനന്ദിച്ചു.
രണ്ട് ദശാബ്‌ദക്കാലത്തിലേറെ കാല്‍പ്പന്ത് കളിയെ വിസ്‌മയിപ്പിച്ച ഇതിഹാസം മൂന്ന് ലോകകപ്പ് നേടിയ ബ്രസീല്‍ ടീം അംഗമായിരുന്നു. 1958, 1962, 1970 വര്‍ഷങ്ങളില്‍ കാനറികള്‍ ലോകഫുട്‌ബോള്‍ ചാമ്പ്യന്മാരായപ്പോള്‍ പെലെ ആയിരുന്നു താരം. നാല് ലോകകപ്പുകള്‍ കളിച്ച പെലെ 12 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
രാജ്യാന്തര ഫുട്‌ബോളില്‍ 1957ല്‍ പതിനാറാം വയസില്‍ അരങ്ങേറിയ പെലെ 1971ലാണ് ദേശീയകുപ്പായം അഴിച്ചുവെച്ചത്. രാജ്യത്തിനായി 92 മത്സരങ്ങളില്‍ പന്ത് തട്ടി. 77 ഗോളടിച്ച് ബ്രസീലിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായി. ഖത്തറില്‍ സൂപ്പര്‍ താരം നെയ്‌മര്‍ പെലെയുടെ ഈ നേട്ടത്തിനൊപ്പം എത്തിയിരുന്നു.
ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ സാന്‍റോസിന് വേണ്ടിയാണ് പെലെ ഏറെക്കാലവും കളിച്ചത്. 1956-1974 കാലയളവിലായിരുന്നു സാന്‍റോസിനായി കളിക്കാന്‍ പെലെ ഇറങ്ങിയത്. ഇക്കാലയളവില്‍ 656 മത്സരങ്ങളില്‍ നിന്ന് 643 ഗോളുകള്‍ അദ്ദേഹം നേടി.