കാസർകോട്:ലോകകപ്പ് വരുമ്പോഴോ ഒരു മത്സരം ജയിക്കുമ്പോഴോ മാത്രം ടീമിനോടുള്ള ആരാധന വര്‍ധിക്കുന്ന സീസണല്‍ ഫാന്‍സില്‍ നിന്ന് വ്യത്യസ്‌തരാണ് ചിറ്റാരിക്കൽ സ്വദേശി സജിലാലും കുടുംബവും. അതുകൊണ്ട് തന്നെ തന്‍റെ ആദ്യത്തെ മകന് പേരിടുമ്പോള്‍ സജിലാലിനും ഭാര്യക്കും മറുത്തൊന്ന് ആലോചിക്കേണ്ടി വന്നില്ല. അര്‍ജന്‍റീനയോടും ലോകത്തിന് അവര്‍ സംഭാവന ചെയ്‌ത അഴകാര്‍ന്ന കാല്‍പ്പന്ത് മികവിനുമായി സജിലാല്‍ തന്‍റെ മകനെ വിളിച്ച പേര് 'മാര്‍ട്ടിന്‍ അര്ജന്റീന പോള്‍' എന്നാണ്.
അര്‍ജന്‍റീനയോടുള്ള ഇഷ്‌ടത്തില്‍ മകന് അതേ പേരുനല്‍കി സജിലാലും കുടുംബവും ലോകകപ്പ് എത്തിയതോടെ 'മാര്‍ട്ടിന്‍ അര്ജന്റീന പോള്‍' സ്‌കൂളിലെയും നാട്ടിലെയും കൊച്ചുതാരമായി മാറിയിരിക്കുകയാണ്. മറഡോണയെന്നോ മെസ്സിയെന്നോ ചിന്തിക്കാതെ അര്‍ജന്‍റീനയോടുള്ള സാര്‍വലൗകിക സ്‌നേഹം പ്രകടമാക്കിയാണ് സജിലാല്‍ മകന് പേരിട്ടത് എന്നത് മറ്റൊരു പ്രത്യേകത. കുഞ്ഞിന് പേര് വിളിക്കുമ്പോൾ വലിയ എതിർപ്പ് കുടുംബത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും എന്നാല്‍ അതെല്ലാം തന്‍റെ ഇഷ്‌ട ടീമിനായി അവഗണിക്കുകയായിരുന്നുവെന്നും സജിലാല്‍ ഓര്‍ക്കുന്നു.
അച്ഛനും ചില്ലറക്കാരനല്ല: മുന്‍ ഫുട്‌ബോള്‍ താരവും അര്‍ജന്‍റീനയുടെ കടുത്ത ആരാധകനുമാണ് സജിലാല്‍. സജിലാലിന്‍റെ കുടുംബം 20 വര്‍ഷം മുമ്പാണ് കാസർകോട് ചെമ്പേരിയില്‍ നിന്നും ചിറ്റാരിക്കലിലെത്തിയത്. ചെമ്പേരി നിര്‍മല സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ആദ്യം സബ് ജൂനിയര്‍ വിഭാഗത്തിലും പിന്നെ ജൂനിയര്‍ വിഭാഗത്തിലും കണ്ണൂര്‍ ജില്ല സ്‌കൂള്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു സജിലാല്‍. പിന്നീട് കളിമികവ് കൊണ്ട് സംസ്ഥാന ടീമിലും ഇടം നേടി.
ഒരു അര്‍ജന്‍റീന കുടുംബം:സജിലാലിന്‍റെ ഭാര്യ റോണിയും അര്‍ജന്‍റീനയോടുള്ള ആരാധനയില്‍ ഒട്ടും പിന്നിലല്ല. ലോകകപ്പ് എത്തിയതോടെ സജിലാലിന്‍റെ വീടാകെ അര്‍ജന്‍റീന മയമായി. ഇവരുടെ കാറിലും അര്‍ജന്‍റീനയുടെ പതാകയും നിറങ്ങളും പതിച്ചിട്ടുണ്ട്. അച്ഛന്‍റെ വഴിയേ ഫുട്‌ബോളിനെ ജീവനായി കാണുകയാണ് 'കുട്ടി അര്‍ജന്‍റീന'യും. ലോങ് ജമ്പും ഹൈജമ്പും ഉള്‍പ്പെടെയുള്ള അത്‌ലറ്റിക് ഇനങ്ങളില്‍ മാര്‍ട്ടിന്‍ അര്ജന്റീന പോള്‍ പങ്കെടുക്കുന്നുണ്ട്.
മാത്രമല്ല ഫുട്‌ബോള്‍ കളി കണ്ട് മനസ്സിലാക്കാനെ തുടങ്ങിയിട്ടുള്ളൂവെങ്കിലും കുഞ്ഞനുജന്‍ അലക്‌സ് എബ്രഹാം പോളും അര്‍ജന്‍റീനയുടെ നീല ജഴ്‌സി കണ്ടാല്‍ തുള്ളിച്ചാടും. ഇപ്പോള്‍ തോട്ടുവായില്‍ മോട്ടോഴ്‌സ് എന്ന സ്ഥാപനം നടത്തുകയാണ് സജിലാൽ. തോമാപുരം സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരനാണ് മാര്‍ട്ടിന്‍ അര്ജന്റീന പോള്‍.