ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ഖത്തറില്‍ പന്തുരുളാന്‍ ഇനി 100 നാള്‍. ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതോടെ നവംബര്‍ 20ന് വിശ്വകിരീടത്തില്‍ മുത്തമിടാനുള്ള പോരാട്ടങ്ങള്‍ക്ക് അല്‍ ബെയ്‌ത്ത് സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. മുന്‍ നിശ്ചയിച്ചതിലും ഒരുദിവസം മുന്‍പ് തന്നെ ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ഫിഫ കൗണ്‍സില്‍ ബ്യൂറോ ഏകകണ്‌ഠമായാണ് തീരുമാനമെടുത്തത്.
നവംബര്‍ 21 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരുന്നത്. ടൂർണമെന്റിന്റെ മുൻ പതിപ്പുകളിലെ പതിവ് പോലെ, ആദ്യ മത്സരം കളിക്കാൻ ആതിഥേയ രാജ്യത്തെ അനുവദിക്കുന്നതിനാണ് ഷെഡ്യൂളിൽ മാറ്റം വരുത്തിയത്. ഇതേ തുടര്‍ന്ന് സെനഗല്‍-നെതര്‍ലന്‍ഡ് മത്സരവും ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ദിനത്തിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.
വമ്പന്‍ പോരാട്ടങ്ങള്‍ കാണാന്‍ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്‌തവര്‍ക്ക് യാതൊരു നഷ്‌ടവും സംഭവിക്കില്ലെന്നും ഫിഫ അറിയിച്ചു. പുതുക്കിയ തീയതി/സമയം പ്രകാരം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് അതേ മത്സരങ്ങള്‍ തന്നെ കാണാന്‍ സാധിക്കുമെന്നുമാണ് ഫിഫയുടെ അറിയിപ്പ്. മത്സരത്തിന്‍റെ തീയതിയും സമയവുമുള്‍പ്പടെ ഇ-മെയില്‍ വഴിയായിരിക്കും ടിക്കറ്റ് ഉടമകളെ അറിയിക്കുക.