ദോഹ :ലോകകപ്പില്‍ ഗോളടിമേളം തുടരുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വെല്ലുവിളിച്ച് ഇംഗ്ലണ്ട് പ്രതിരോധ നിര താരം കൈല്‍ വാക്കര്‍. ക്വാര്‍ട്ടര്‍ പോരിനിറങ്ങുമ്പോള്‍ താന്‍ എംബാപ്പെയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കില്ലെന്ന് വാക്കര്‍ പറഞ്ഞു. ബുധനാഴ്‌ച മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഇംഗ്ലീഷ് ഡിഫന്‍ഡറുടെ പ്രതികരണം.
'മികച്ച ഫോമിലുള്ള ഒരു നല്ല കളിക്കാരനായ അദ്ദേഹത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ചുവന്ന പരവതാനി വിരിച്ച് മത്സരത്തിലേക്ക് എംബാപ്പെയെ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് നേരിടുന്നത് എംബാപ്പെയെ അല്ല, ഫ്രാന്‍സിനെയാണ്.
അദ്ദേഹം മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം. പക്ഷെ ഞങ്ങള്‍ കളിക്കാനിറങ്ങുന്നത് ടെന്നീസല്ല. ഇത് ഒറ്റയ്‌ക്ക് കളിക്കുന്ന ഒരു കളിയല്ല, ഒരു ടീം ഗെയിമാണ്'- വാക്കര്‍ അഭിപ്രായപ്പെട്ടു.
'ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞാന്‍ എന്‍റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ഞങ്ങള്‍ക്കൊരു ജീവന്‍ മരണ പോരാട്ടമാണ്. തോറ്റാല്‍ ഞങ്ങള്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. എന്‍റെ രാജ്യത്തിനായി ലോകകപ്പ് നേടി കൊടുക്കാനിറങ്ങുമ്പോള്‍ എംബാപ്പെ എനിക്കൊരു തടസമാകില്ല.'