ചിലി: തെക്കേ അമേരിക്കൻ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ചിലിയെ തകർത്ത് അർജന്‍റീന. സൂപ്പർ താരം ലയണൽ മെസിയും, കോച്ച് സ്‌കലോനിയും ഇല്ലാതിരുന്നിട്ടും ചിലിയെ അവരുടെ തട്ടകത്തിൽ 2-1നാണ് അർജന്‍റീന തോൽപ്പിച്ചത്. തോൽവിയോടെ ചിലിയുടെ ലോകകപ്പ് സാധ്യതകൾക്കും മങ്ങലേറ്റു.
മത്സരത്തിന്‍റെ മൂന്ന് ഗോളുകളും ആദ്യ പകുതിയാണ് പിറന്നത്. മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചാണ് അർജന്‍റീന കളിച്ചത്. ഇതിന്‍റെ ഫലമായി 9-ാം മിനിട്ടിൽ തന്നെ എയ്‌ഞ്ചൽ ഡി മരിയ അർജന്‍റീനക്കായി ആദ്യ ഗോൾ സ്വന്തമാക്കി. തുടർന്ന് ഉണർന്നു കളിച്ച ചില 20-ാം മിനിട്ടിൽ ബ്രെറെട്ടൻ ഡയസിലൂടെ സമനില നേടി. എന്നാൽ 34-ാം മിനിട്ടിൽ ലൗറ്റാരോ മാർട്ടിനെസിലൂടെ അർജന്‍റീന ലീഡും വീജയവും സ്വന്തമാക്കി.
15 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ചിലി. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ച് മുന്നിലുള്ള മറ്റ് ടീമുകൾ തോറ്റാൽ മാത്രമേ ചിലിക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാനാകൂ. 14 മത്സരങ്ങളിൽ നിന്ന് 32 പോയിന്‍റുള്ള അർജന്‍റീന നേരത്തെ തന്നെ ലോകകപ്പിലേക്ക് യോഗ്യത നേടിയിരുന്നു. തെക്കേ അമേരിക്കയിൽ നിന്ന് നാല് ടീമുകൾക്കാണ് ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാൻ സാധിക്കുക.