ദോഹ:ഫിഫ ലോകകപ്പിലെ ആദ്യ മത്സരം ജയിച്ചുതുടങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും. ആഫ്രിക്കന്‍ വന്യതയുടെ കരുത്തറിഞ്ഞ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഘാനയെ പറങ്കിപ്പട കീഴടക്കിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ അഞ്ച് ഗോളും പിറന്നത്.
ആക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമും കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലുടെ പോര്‍ച്ചുഗലാണ് ആദ്യം ലീഡ് എടുത്തത്. പിന്നാലെ ഘാനയെ ഒപ്പമെത്തിച്ച് അയൂവ് സമനില ഗോള്‍ നേടിയതിന് പിന്നാലെ മത്സരം ആവേശത്തിലേക്ക് കത്തിക്കയറി.
പിന്നാലെ ജാവൊ ഫെലിക്‌സും റാഫേല്‍ ലിയോയും പോര്‍ച്ചുഗലിനായി ഗോള്‍ വല ചലിപ്പിച്ച് ഘാനയ്‌ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ സ്‌കോര്‍ 3-1ലെത്തിയിട്ടും വിട്ട് കൊടുക്കാന്‍ ആഫ്രിക്കന്‍ കരുത്തന്മാര്‍ തയ്യാറായിരുന്നില്ല. അവസാനം ഒരു ഗോള്‍ കൂടി നേടി കളിയാസ്വാദകരുടെ മനം കവര്‍ന്നാണ് ഘാന കളം വിട്ടത്.
അവസരങ്ങള്‍ തുലച്ച ഒന്നാം പകുതി:ആദ്യ മിനിട്ടുകള്‍ മുതല്‍തന്നെ ആക്രമിച്ചാണ് പോര്‍ച്ചുഗല്‍ കളിച്ചത്. 11-ാം മിനിട്ടില്‍ ഗോളാക്കി മാറ്റാന്‍ ലഭിച്ച സുവര്‍ണാവസരം ലക്ഷ്യത്തിലെത്തിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കായില്ല. പലപ്പോഴും പറങ്കിപ്പടയുടെ പല മുന്നേറ്റങ്ങളുടെയും മുന ഘാനയുടെ പ്രതിരോധ കോട്ട സമര്‍ഥമായി തന്നെയൊടിച്ചു.
പോര്‍ച്ചുഗലിന് 28-ാം മിനിട്ടില്‍ മുന്നിലെത്താന്‍ ലഭിച്ച അവസരം ഗോളാക്കാന്‍ ബെര്‍ണാഡോ സില്‍വയ്‌ക്കും സാധിച്ചില്ല. 31-ാം മിനിട്ടില്‍ ആരാധകര്‍ കാത്തിരുന്ന ഗോള്‍ റൊണാള്‍ഡോ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു. ഘാനയുടെ പ്രതിരോധനിര താരത്തെ വീഴ്‌ത്തിയതിനാണ് റഫറി ഫൗള്‍ വിളിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ പന്ത് മിക്ക സമയവും പോര്‍ച്ചുഗല്‍ താരങ്ങളുടെ കാലുകളിലായിരുന്നു. എന്നാല്‍ അവരുടെ പല മുന്നേറ്റങ്ങളേയും ഘാനയുടെ പ്രതിരോധം തടഞ്ഞു. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
അഞ്ചടിച്ച രണ്ടാം പകുതി: രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗലിനെ ഘാന ഞെട്ടിച്ചു. കൂഡൂസിന്‍റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോള്‍ പോസ്‌റ്റിനെ തൊട്ടൊരുമി പുറത്തേക്ക് പോയപ്പോള്‍ ആരാധകര്‍ ഒന്നടങ്കം നെടുവീര്‍പ്പിട്ടു. 55-ാം മിനിട്ടിലായിരുന്നു ഘാനയുടെ താരത്തിന്‍റെ മുന്നേറ്റം.
65-ാം മിനിട്ടില്‍ റൊണാള്‍ഡോയെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിന് പറങ്കിപ്പടയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഘാനയുടെ സലിസുവാണ് കയ്യബദ്ധം കാട്ടിയത്. തുടര്‍ന്ന് ലഭിച്ച അവസരം കൃത്യമായി വലയിലെത്തിച്ച് നായകന്‍ റൊണാള്‍ഡോ തന്‍റെ ടീമിന് ലീഡ് സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോഡും ഇതോടെ സിആര്‍7 സ്വന്തമാക്കി.
73-ാം മിനിട്ടിലാണ് ഘാന സമനില ഗോള്‍ നേടിയത്. സൂപ്പര്‍ താരം ആന്ദ്രേ അയൂവിന്‍റെ വകയായിരുന്നു ഗോള്‍. ഗോളോടെ ലോകകപ്പില്‍ ഘാനയ്‌ക്കായി ഏറ്റവും കൂടുതല്‍ തവണ ഗോളടിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം അയൂവും സ്വന്തം പേരിലാക്കി.
എന്നാല്‍ ഘാനയുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 78-ാം മിനിട്ടില്‍ ജാവോ ഫെലിക്‌സും 80-ാം മിനിട്ടില്‍ റാഫേല്‍ ലിയോയും പറങ്കിപ്പടയ്‌ക്കായി എതിര്‍ഗോള്‍ വല ചലിപ്പിച്ചു. എന്നിട്ടും തളരാതെ പോരാടിയ ഘാന 89-ാം മിനിട്ടില്‍ ഒസ്‌മാന്‍ ബുകാരിയിലൂടെ രണ്ടാം ഗോള്‍ നേടി.
വീണ്ടും ഗോള്‍ നേടാന്‍ ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഖത്തറിലെ സ്‌റ്റേഡിയം 974 ഗ്രൗണ്ടില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ റൊണാള്‍ഡോയും സംഘവും നിറചിരിയുമായി മടങ്ങി.