ദോഹ: കാലം കാത്തുവച്ച കാവ്യനീതി പോലെ റഷ്യയില്‍ അവസാന പതിനാറില്‍ വഴി തടഞ്ഞ ഉറുഗ്വെയെ തകര്‍ത്ത് ഖത്തറില്‍ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച് പോര്‍ച്ചുഗല്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പറങ്കിപ്പടയുടെ വിജയം. ചുവന്ന ചെകുത്താന്‍മാരുടെ വിശ്വസ്‌തനായ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ടഗോളുമായി കളം നിറഞ്ഞപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിറപുഞ്ചിരിയോടെയാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങിയത്.
ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ ആറ് പോയിന്‍റുള്ള പോര്‍ച്ചുഗലാണ് ഒന്നാം സ്ഥാനത്ത്. സൗത്ത് കൊറിയക്കെതിരെ സമനില വഴങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ കരുത്തര്‍ നിലവില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. ഭാവി എന്തെന്നെറിയാന്‍ സുവാരസിനും സംഘത്തിനും അവസന മത്സരം വരെ കാത്തിരിക്കണം.
പ്രതിരോധം കെട്ടിയുയര്‍ത്തിയ ആദ്യ പകുതി:തുല്യശക്തികളുടെ പോരാട്ടത്തില്‍ കരുതലോടെയാണ് ഇരു കൂട്ടരും തുടങ്ങിയത്. അതിനിടെ പരുക്കന്‍ കളി പുറത്തെടുത്ത ഉറുഗ്വായുടെ ബെന്‍റാക്വറിന് ആറം മിനിട്ടില്‍ തന്നെ മഞ്ഞ കാര്‍ഡ് കിട്ടി. പോര്‍ച്ചുഗലിന്‍റെ റൂബന്‍ ഡയസിന് റഫറിയുടെ താക്കീതും.
പതിയെ ആക്രമണത്തിലേക്ക് നീങ്ങയതോടെ 12ാം മിനിട്ടില്‍ മത്സരത്തിലെ ഉറുഗ്വെയുടെ ആദ്യ മുന്നേറ്റം പിറന്നു. കോര്‍ണറില്‍ ഗിമിനസ് തല വച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പന്ത് പുറത്തേക്ക് പോയി. 17ാം മിനിട്ടില്‍ പോര്‍ച്ചുഗലിനെ തേടി ആദ്യ അവസരമെത്തി.
നൂനോ മെന്‍ഡിസിനെ വീഴ്‌ത്തിയതിന് ബോക്‌സിന് പുറത്ത് നിന്നൊരു ഫ്രീകിക്ക്. ലുസൈലിലെ ആരാധകരുടെ ആര്‍പ്പ് വിളികള്‍ക്കിടെ കിക്കെടുക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെത്തി. എന്നാല്‍ സിആര്‍ 7ന്‍റെ കിക്ക് ഉറുഗ്വന്‍ പ്രതിരോധമതിലില്‍ തട്ടി പുറത്തേക്ക്.
പാസിങ്ങിലൂടെ മെച്ചപ്പെട്ട കളിപുറത്തെടുക്കാനായിരുന്നു പോര്‍ച്ചുഗല്‍ ശ്രമം. എന്നാല്‍ അതെല്ലാം പ്രതിരോധകോട്ട കെട്ടി ആദ്യ പകുതിയില്‍ യുറുഗ്വ തടഞ്ഞു. ആദ്യ പകുതിയില്‍ വീണ്ടും അവസരങ്ങള്‍ ഇരു കൂട്ടരും സൃഷ്‌ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.
ഡബിളടിച്ച് ബ്രൂണോ: രണ്ടാം പകുതി ഉറുഗ്വായെ ഞെട്ടിച്ചുകൊണ്ടാണ് പറങ്കിപ്പട തുടങ്ങിയത്. ടീമിന്‍റെ വിശ്വസ്തനായ മിഡ്‌ഫീല്‍ഡര്‍ 54ാം മിനിട്ടില്‍ ലീഡെഡുത്തു. ഇടത് വിങ്ങില്‍ നിന്നുള്ള ബ്രൂണോയുടെ സൂപ്പര്‍ ഷോട്ട് ഗോളിയേയും മറികടന്ന് ലക്ഷ്യത്തിലേക്ക്.
ഹെഡറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശ്രമിച്ചെങ്കിലും താരത്തിന്‍റെ തലയില്‍ തട്ടാതെയാണ് പന്ത് ഗോളായത്. ആദ്യം റൊണാള്‍ഡോയുടെ പേരിലായിരുന്നു ഗോള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകള്‍ക്കൊടുവില്‍ ബ്രൂണോ ഫെര്‍ണാണ്ടസാണ് ഗോള്‍ സ്‌കോറര്‍ എന്ന് ഫിഫ അറിയിച്ചു.
ലീഡ് നേടിയ ശേഷവും പോര്‍ച്ചുഗല്‍ ആക്രമണം തുടര്‍ന്ന് കൊണ്ടേയിരുന്നു. റൂബന്‍ നെവസിന് പകരം റാഫേല്‍ ലിയോ കളത്തിലിറങ്ങിയതോടെ പറങ്കിപ്പടയുടെ മുന്നേറ്റങ്ങള്‍ക്കും മൂര്‍ച്ചകൂടി. അതേസമയം സമനില ഗോളിനായി ലാറ്റിന്‍ അമേരിക്കന്‍ സംഘവും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടായിരുന്നു.
90ാം മിനിട്ടില്‍ ലീഡ് ഉയര്‍ത്താന്‍ പോര്‍ച്ചുഗലിന് വീണ്ടും അവസരം. ബോക്‌സിനുള്ളിലെ ഹാന്‍ഡ്‌ബോളിന് കിട്ടിയ പെനാല്‍റ്റി ഇഞ്ചുറി ടൈമില്‍ വലയിലെത്തിച്ച് വീണ്ടും ബ്രൂണോ നായകനായി. അവസാന നിമിഷങ്ങളിലും താരം മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
തിരിച്ചടി നല്‍കാനുള്ള ഉറുഗ്വെയുടെ ശ്രമങ്ങളെല്ലാം പോര്‍ച്ചുഗല്‍ പ്രതിരോധ കോട്ടയില്‍ തട്ടിയകന്നു കൊണ്ടേയിരുന്നു. ഒടുവില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഇരട്ടഗോളുകളുടെ തിളക്കത്തില്‍ പറങ്കിപ്പട വിജയമധുരം രുചിച്ചു.