ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ നടന്ന നിർണായക മത്സരത്തിൽ വമ്പൻമാരായ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ഇക്വഡോർ. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ഓറഞ്ചു പട ഇക്വഡോറിന്‍റെ ആക്രമണ ഫുട്‌ബോളിന് മുന്നിൽ 1-1 ന്‍റെ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്‍റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.
ഇരു ടീമുകളുടെയും രാകിമിനുക്കി മൂര്‍ച്ചകൂട്ടിയ ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു മത്സരം. മത്സരത്തിന്‍റെ തുടക്കത്തിൽ ഇക്വഡോർ ഒത്തിണക്കം കാണിക്കാൻ ബുദ്ധിമുട്ടിയതോടെ ആറാം മിനിറ്റില്‍ തന്നെ കോഡി ഗാക്പോ നേടിയ ഗോളിൽ ഡച്ച് പട മുന്നിലെത്തി. ഗാക്പോ ഈ ലോകകപ്പിൽ നേടുന്ന രണ്ടാം ഗോളാണിത്. ഡച്ച് മുന്നേറ്റത്തിനൊടുവിൽ ക്ലാസൻ നൽകിയ പന്ത് സ്വീകരിച്ച് ഗാക്പോ തൊടുത്ത ഷോട്ട് ഇക്വഡോർ ഗോൾ കീപ്പറെ തന്നെ ഞെട്ടിച്ചാണ് വല തുളച്ചത്.
എന്നാൽ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതൊന്നും ഇക്വഡോർ മുന്നേറ്റത്തെ തളർത്തിയില്ല. പിന്നീട് കൂടുതൽ മികച്ച ഫുട്ബോൾ കണ്ടതും ഇക്വഡോറിൽ നിന്നായിരുന്നു. നായകൻ എന്നർ വലൻസിയയും പ്രസിയാഡോയും എല്ലാം നിരന്തരം നെതർലൻഡ്‌സ് ഡിഫൻസിന് കനത്ത വെല്ലുവിളി സൃഷ്‌ടിച്ചു. 24-ാം മിനിറ്റിലും 28-ാം മിനിറ്റിലും ഇക്വഡോര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം കൃത്യസമയത്ത് ഡച്ച് പ്രതിരോധം ക്ലിയര്‍ ചെയ്‌തു. 32-ാം മിനിറ്റിൽ എന്നർ വലൻസിയയുടെ ഷോട്ട് സേവ് ചെയ്‌ത നൊപ്പേർട് നെതർലൻഡ്‌സിന്‍റെ രക്ഷകനായി.