ഖത്തർ : ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ച് ക്രൊയേഷ്യയും മൊറോക്കോയും. വാശിയേറിയ മത്സരത്തിൽ ക്രൊയേഷ്യ ബെൽജിയത്തെ ഗോൾ രഹിത സമനിലയിൽ കുരുക്കിയപ്പോൾ, മൊറോക്കോ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തകർത്തത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും ഉൾപ്പടെ ഏഴ് പോയിന്‍റുമായി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യൻമാരായപ്പോൾ, ഒരു വിജയവും രണ്ട് സമനിലയും ഉൾപ്പടെ അഞ്ച് പോയിന്‍റുമായി ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടർ പ്രവേശനമുറപ്പിച്ചു. ഗ്രൂപ്പിൽ നാല് പോയിന്‍റുമായി ബെൽജിയം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബെൽജിയത്തിന് ബൈ : പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിന്‍റെ ആദ്യ സെക്കന്‍ഡുകള്‍ മുതൽ തന്നെ ആക്രമിച്ചാണ് ക്രൊയേഷ്യ കളി തുടങ്ങിയത്. ആദ്യ പത്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ബോളുമായി ബെൽജിയം ഗോൾ പോസ്റ്റിനടുത്തെത്താൻ ക്രൊയേഷ്യക്കായി. തുടർന്നും ഗോളിനായി ക്രൊയേഷ്യ ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. 12-ാം മിനിട്ടിൽ മികച്ചൊരു അറ്റാക്കുമായി ബെൽജിയവും ക്രൊയേഷ്യയെ വിറപ്പിച്ചു.
നഷ്‌ടമായ പെനാൽറ്റി : ഇതിനിടെ 15-ാം മിനിട്ടിൽ ക്രൊയേഷ്യക്ക് അനുകൂലമായി റഫറി പെനാൽറ്റി നൽകി. പന്തിനായുള്ള പോരാട്ടത്തിനിടെ ക്രമാരിച്ചിനെ കാരസ്കോ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. എന്നാൽ പെനാൽറ്റി എടുക്കാൻ തയ്യാറായി നിൽക്കെ വാറിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ റഫറി ക്രൊയേഷ്യക്ക് പെനാൽറ്റി നിഷേധിച്ചു.
ക്രൊയേഷ്യയ്ക്കായി മോഡ്രിച്ച് പെനാൽറ്റി എടുക്കാൻ തയാറായി നിൽക്കെ ‘വാർ’ ഇടപെട്ടു. റഫറിയുടെ പരിശോധനയിൽ ഫ്രീകിക്കെടുക്കുമ്പോൾ ലോവ്‌റെൻ ചെറിയ തോതിൽ ഓഫ്സൈഡായിരുന്നുവെന്ന് വ്യക്തമായതോടെ പെനാൽറ്റി നിഷേധിക്കുകയായിരുന്നു. പെനാൽറ്റിക്കായി മോഡ്രിച്ചും സംഘവും വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ആദ്യ പകുതി അവസാനിച്ചു.
50-ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് ബെല്‍ജിയം പെനാല്‍റ്റി ബോക്‌സില്‍ നിന്ന് മികച്ച അവസരം ലഭിച്ചെങ്കിലും കൊവാസിച്ചിന്‍റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 60-ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിനൊടുവില്‍ ബെല്‍ജിയം ക്രോയേഷ്യന്‍ പോസ്റ്റിലേക്ക് രണ്ടുതവണ ഷോട്ടുതിര്‍ത്തെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. തുടര്‍ന്നും ആക്രമണങ്ങൾ ഇരു ടീമുകളും നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.
കരുത്തരായി മൊറോക്കോ : മറുവശത്ത് ആശ്വാസ ജയം തേടിയിറങ്ങിയ കാനഡയെ തകർത്തെറിഞ്ഞുകൊണ്ടാണ് മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാട്ടർ ടിക്കറ്റെടുത്തത്. ഹക്കീം സിയെച്ചും, യൂസഫ് എന്‍ നെസിരിയും മൊറോക്കോയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ 40-ാം മിനിറ്റില്‍ മൊറോക്കന്‍ ഡിഫന്‍ഡര്‍ നയെഫ് അഗ്വേര്‍ഡിന്‍റെ സെല്‍ഫ് ഗോള്‍ കാനഡയുടെ അക്കൗണ്ടിലെത്തി.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ പൂർണ ആധിപത്യത്തോടെയാണ് മൊറോക്കോ പന്ത് തട്ടിയത്. നാലാം മിനിട്ടിൽ തന്നെ ഹക്കീം സിയെച്ചിലൂടെ മൊറോക്കോ ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ 23-ാം മിനിട്ടിൽ യൂസഫ് എന്‍ നെസിരിയിലൂടെ രണ്ടാം ഗോൾ നേടി മൊറോക്കോ കാനഡയെ ഞെട്ടിച്ചു. 40-ാം മിനിട്ടിൽ കാനഡക്കായി നൊരോക്കൻ ഡഫൻഡർ നയെഫ് അഗ്വേർഡ് സെൽഫ് ഗോളും നൽകി.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി കാനഡ കിണഞ്ഞ് ശ്രമിച്ചെങ്കിലും പലപ്പോഴും നിര്‍ഭാഗ്യം അവരെ വേട്ടയാടി. 71-ാം മിനിറ്റില്‍ ഹോയ്‌ലെറ്റിന്‍റെ ക്രോസില്‍ നിന്നുള്ള ഹച്ചിന്‍സന്‍റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് ഗോള്‍ലൈനില്‍ തട്ടിയെങ്കിലും പന്ത് ലൈന്‍ കടക്കാതിരുന്നതിനാല്‍ ഗോള്‍ നഷ്‌ടമാവുകയായിരുന്നു. ഇതോടെ മൊറോക്കോ വിജയം സ്വന്തമാക്കി.