ദോഹ: അട്ടിമറികളുടെ ലോകകപ്പായി മാറി ഖത്തർ ലോകകപ്പ്. അർജന്‍റീനയ്‌ക്ക് പിന്നാലെ അടിതെറ്റി ലോക ചാമ്പ്യൻമാരായ ജർമനിയും. ഏഷ്യൻ കരുത്തരായ ജപ്പാന്‍റെ ആക്രമണത്തിന് മുന്നിലാണ് ജർമനി പരാജയപ്പെട്ടത്. 2-1നായിരുന്നു ജപ്പാന്‍റെ തകർപ്പൻ ജയം. 75-ാം മിനിട്ടുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമനിയെ ഏട്ടു മിനിട്ടിനിടെ എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ കൊണ്ടാണ് ജപ്പാൻ അടിയറവ് പറയിച്ചത്. ജര്‍മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോള്‍ നേടി.
തോമസ് മുള്ളറും ഗ്നാബ്രിയും ഉൾപ്പെടുന്ന ജർമൻ ആക്രമണനിരക്കെതിരെ ശക്‌തമായ പ്രതിരോധം തീർത്തും കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലാക്കി ഗോളുകളാക്കിയുമാണ് ജപ്പാൻ വിജയം പിടിച്ചെടുത്തത്. പൊസിഷനിലും പന്തടക്കത്തിലും പാസുകളിലും ജർമനി ജപ്പാനെക്കാൾ ബഹുദൂരം മുന്നിലായിരുന്നു. മത്സരത്തിന്‍റെ മുക്കാൽ സമയവും പന്ത് ജർമനിയുടെ കാലുകളിലായിരുന്നെങ്കിലും വിജയം ജപ്പാനൊപ്പമായിരുന്നു.
ആദ്യ ഗോളുമായി ജർമനി: ആദ്യ 33-ാം മിനിട്ടിൽ ജർമനിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. പന്ത് പിടിക്കാൻ മുന്നോട്ടിറങ്ങിയ ജപ്പാൻ ഗോളി റാവുമിനെ ഫൗൾ ചെയ്‌തതോടെ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ടീമിലെ പരിചയസമ്പന്നനായ ഗുണ്ടോഗൻ അനായാസം പന്ത് വലയിലാക്കി ജർമനിക്ക് ലീഡ് നൽകി. തുടർന്നും ജർമനി ആക്രമണങ്ങളുമായി ജപ്പാൻ ഗോൾ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു.
എന്നാൽ ശക്‌തമായ പ്രതിരോധം കൊണ്ട് ജപ്പാൻ അവയെ തടത്തുകൊണ്ടിരുന്നു. അതിനിടെ ഹാവെർട്‌സ് നേടിയ ഗോൾ ഓഫ്‌സൈഡായി മാറി. ഇതോടെ ആദ്യ പകുതി 1-0ന് ജർമനി സ്വന്തമാക്കി. ആദ്യ പകുതിയിൽ 81 ശതമാനം ബോൾ പൊസിഷനും, അഞ്ച് ഷോട്ട്സ് ഓണ്‍ ടാർഗറ്റുമായി ബഹുദൂരം മുന്നിട്ട് നിന്നുവെങ്കിലും അവയെയൊന്നും ഗോളുകൾ നേടുന്നതിൽ മാത്രം ജർമനി പിന്നാക്കം പോയി.