ദോഹ : കാല്‍പ്പന്ത് കളിയുടെ കനകകിരീടത്തില്‍ മുത്തമിടുന്നത് ആരെന്നറിയാന്‍ ഇനി ഒരു മത്സരം മാത്രം. പൊരുതാനായി രണ്ട് ടീമുകള്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്‌ച കപ്പുയര്‍ത്തി മടങ്ങാന്‍ മെസിപ്പട ഇറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തുകയാകും ഫ്രാന്‍സിന്‍റെ ലക്ഷ്യം.
ഖത്തറില്‍ മൂന്നാം കിരീടമാണ് രണ്ട് ടീമിന്‍റെയും ലക്ഷ്യം. സെമിയില്‍ മൊറോക്കോയെ തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഫൈനലിന് യോഗ്യത നേടിയത്. മറുവശത്ത് ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയാകട്ടെ കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പുകളായ ക്രൊയേഷ്യയെ കെട്ടുകെട്ടിച്ചാണ് കലാശക്കളിക്കെത്തുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഇരു ടീമും ഏറ്റുമുട്ടിയിരുന്നു. അന്ന് ഫ്രാന്‍സിനൊപ്പമായിരുന്നു വിജയം. അന്ന് 4-3 നായിരുന്നു ഫ്രഞ്ച് പട ജയം പിടിച്ചത്.
ലക്ഷ്യം മൂന്നാം കിരീടം :ഫ്രഞ്ച് പടയുടെ നാലാമത്തെ ഫൈനലാണിത്. 1998ലും 2018ലും കലാശക്കളിക്ക് ഇറങ്ങിയ ടീം കിരീടവുമായാണ് മടങ്ങിയത്. 2006ല്‍ മാത്രമായിരുന്നു ടീമിന്‍റെ കണ്ണീര്‍ മടക്കം.
ഇത്തവണ ആറാം ഫൈനലിനാണ് അര്‍ജന്‍റീന ബൂട്ട് കെട്ടുന്നത്. 1978,1986 വര്‍ഷങ്ങളില്‍ ടീം കപ്പ് ഉയര്‍ത്തിയിരുന്നു. 1930, 1990, 2014 വര്‍ഷങ്ങളിലാണ് അര്‍ജന്‍റൈന്‍ സംഘത്തിന് കിരീടം കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെട്ടത്.
ഖത്തറിലെ കുതിപ്പ് :ഈ ലോകകപ്പില്‍ ഇതുവരെ ഓരോ മത്സരങ്ങളിലാണ് ഇരു ടീമും തോല്‍വി വഴങ്ങിയത്. ആദ്യ മത്സരം സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയ അര്‍ജന്‍റീനയ്‌ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മികച്ച ഫോമില്‍ കളിക്കുന്ന മെസിയാണ് ടീമിന്‍റെ പ്രതീക്ഷ.
അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമാണ് ഇതിഹാസ താരം ഇത്തവണ ഖത്തറില്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലാണ് ഫ്രാന്‍സ് തോല്‍വി വഴങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ചാമ്പ്യന്മാര്‍ അടുത്ത മത്സരത്തില്‍ ടുണീഷ്യയോട് തോല്‍ക്കുകയായിരുന്നു. ലോകകപ്പില്‍ അഞ്ച് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മെസിക്കൊപ്പം നില്‍ക്കുന്ന കിലിയന്‍ എംബാപ്പെ ഒപ്പം ആന്‍റോയിന്‍ ഗ്രീസ്‌മാന്‍, ജിറൂദ് എന്നിവരാണ് ഫ്രഞ്ച് പടയുടെ കരുത്ത്.
ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളില്‍ സെനഗല്‍, ഇംഗ്ലണ്ട്, മൊറോക്കോ ടീമുകളെ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ തകര്‍ക്കാന്‍ ഫ്രാന്‍സിന് സാധിച്ചിരുന്നു. മറുവശത്ത് അര്‍ജന്‍റീനയാകട്ടെ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ ഷൂട്ടൗട്ടിലാണ് പരാജയപ്പെടുത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെയും സെമിയില്‍ ക്രൊയേഷ്യയെയും ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്മാര്‍ ആധികാരികമായി തന്നെ തോല്‍പ്പിച്ചു.
കളിയില്ലാദിനം :ഇന്നും നാളെയും ലോകകപ്പില്‍ കളിയില്ല. ഡിസംബര്‍ 17ന് മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ നടക്കും. ക്രൊയേഷ്യയും മൊറോക്കോയും തമ്മിലുള്ള മത്സരം അല്‍ റയാന്‍ സ്റ്റേഡിയത്തിലാണ്. അടുത്ത ദിവസം ഫൈനല്‍ മത്സരത്തോടെ കാല്‍പ്പന്ത് കളിയുടെ ലോകമാമാങ്കത്തിന് തിരശ്ശീല വീഴും.