ദോഹ: ഖത്തര്‍ ലോകകപ്പിലെ വിജയത്തുടക്കത്തിന് പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് കനത്ത തിരിച്ചടി. പരിക്കേറ്റതിനെ തുടര്‍ന്ന് പ്രതിരോധ താരം ലൂക്കാസ് ഹെർണാണ്ടസ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്എഫ്) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ലൂക്കാസ് ഹെർണാണ്ടസിന്‍റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. മത്സരത്തിന്‍റെ ഒമ്പതാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്‌വിൻ നേടിയ ഗോളിൽ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തിയപ്പോഴാണ് 26കാരനായ താരത്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് വേദനകൊണ്ട് പുളഞ്ഞായിരുന്നു ഹെർണാണ്ടസ് കളിക്കളം വിട്ടത്.
ലൂക്കാസ് ഹെർണാണ്ടസിന്‍റെ പരിക്ക് ഗൗരവമുള്ളതായി തോന്നുന്നുവെന്ന് ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സ് മത്സരത്തിന് ശേഷം പറഞ്ഞു. താരത്തിന് കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ 4-1നാണ് ഫ്രാന്‍സ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്.
ഒലിവർ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാബിയോട്ടും എംബാപ്പെയും ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു. ക്രെയ്ഗ് ഗുഡ്‌വിനിന്‍റെ ഗോളിന് 27ാം മിനിറ്റില്‍ റാബിയോട്ടിലൂടെയാണ് ഫ്രാന്‍സ് ആദ്യം മറുപടി നല്‍കിയത്. തുടര്‍ന്ന് 32, 71 മിനിറ്റുകളില്‍ ഒലിവർ ജിറൂഡും 68ാം മിനിറ്റില്‍ എംബപ്പെയും ലക്ഷ്യം കണ്ടതോടെ ഫ്രാന്‍സ് തകര്‍പ്പന്‍ ജയം ഉറപ്പിക്കുകയായിരുന്നു.
Also read:ഖത്തറിൽ ഫ്രഞ്ച് പടയോട്ടം; വിറപ്പിച്ച് തുടങ്ങിയ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞു