ദോഹ:ആദ്യ മത്സരത്തിൽ ഇറാനെതിരെ ഗോൾമഴ തീർത്ത ആത്മവിശ്വാസത്തിലെത്തിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി അമേരിക്ക. ഹാരി കെയ്‌നൊപ്പം ബുക്കായോ സാക്ക, മേസന്‍ മൗണ്ട്, റഹീം സ്റ്റെർലിങ് എന്നിവരടക്കം ആക്രമണത്തിന് പേരുകേട്ട വമ്പൻ താരങ്ങളെല്ലാം കളത്തിലിറങ്ങിയിട്ടും യുഎസ്എയുടെ പ്രതിരോധം പൊളിക്കാനാവാതെ ഇംഗ്ലണ്ട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.
അമേരിക്കയും ഇംഗ്ലണ്ടും നേർക്കുനേർ വന്നപ്പോൾ അനായാസമായി ഇംഗ്ലണ്ട് ജയിച്ച് കയറുമെന്ന് കണക്കൂട്ടലുകൾക്കതീതമായിരുന്നു യുവത്വം നിറഞ്ഞ അമേരിക്കയുടെ പ്രകടനം. എന്നാൽ ഒരിക്കൽ കൂടെ ലോകകപ്പിൽ അമേരിക്കയെ തോൽപ്പിക്കുക എന്നത് ഇംഗ്ലണ്ടിന് മുന്നിലുള്ള വെല്ലുവിളിയായി തുടരും. ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് ഇതുവരെയുള്ള ഫലം.
ഇറാനെതിരെ ഗോൾവർഷം നടത്തിയ ഇംഗ്ലണ്ട് മുന്നേറ്റ നിരയുടെ ഗോൾശ്രമങ്ങൾ അനായാസം നിഷ്‌പ്രഭമാക്കിയ യുഎസ് പ്രതിരോധമാണ് മത്സരം ഗോൾ രഹിതമായി നിർത്തിയത്. ഇംഗ്ലണ്ട് കൂടുതല്‍ സമയം പന്ത് കൈവശം വച്ചെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ യുഎസ് മുന്നേറ്റം ഇംഗ്ലണ്ട് ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്‌തു. ആദ്യപകുതിയില്‍ ഇംഗ്ലണ്ട് അഞ്ചും യുഎസ്എ ആറും ഷോട്ടുകളാണ് ഉതിർത്തത്.