കേരളം

kerala

ETV Bharat / sports

ലിവാകോവിച്ചിന് മുന്നില്‍ വീണ് ജപ്പാന്‍ ; ഷൂട്ടൗട്ടില്‍ ജയം പിടിച്ച് ക്രൊയേഷ്യ അവസാന എട്ടിലേക്ക്

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ജപ്പാന്‍ ആണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ നേടി. നിശ്ചിത സമയത്തും അധിക സമയത്തും സമനിലക്കുരുക്ക് അഴിക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

fifa world cup 2022  world cup 2022  croatia  japan  japan vs croatia  world cup 2022 round of 8  ജപ്പാന്‍  ക്രൊയേഷ്യ  ഫിഫ ലോകകപ്പ്  ഖത്തര്‍ ലോകകപ്പ്  ലോകകപ്പ് പ്രീക്വാര്‍ട്ടര്‍  ഡൊമനിക് ലിവാകോവിച്ച്
ലിവാകോവിച്ചിന് മുന്നില്‍ ജപ്പാന്‍ വീണു, ഷൂട്ടൗട്ടില്‍ ജയം പിടിച്ച് ക്രൊയേഷ്യ അവസാന എട്ടിലേക്ക്

By

Published : Dec 6, 2022, 8:50 AM IST

ദോഹ :മുന്നില്‍ ഡൊമനിക് ലിവാകോവിച്ച് എന്ന വന്‍മതില്‍. അതില്‍ തട്ടി ലക്ഷ്യമെല്ലാം തെറ്റിയപ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ സാമുറായികളുടെ പോരാട്ടം പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചു. തോല്‍വി അറിയാതെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മുന്നേറിയ ക്രൊയേഷ്യ മറ്റൊരു ജയത്തോടെ അവസാന എട്ടിലേക്ക്.

ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയ മത്സരത്തിനൊടുവിലാണ് ക്രൊയേഷ്യ, ജപ്പാന്‍ പോരാട്ട വീര്യത്തെ തകര്‍ത്തറിഞ്ഞ് മുന്നേറിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ വിജയം. മൂന്ന് ജപ്പാനീസ് കിക്കുകള്‍ തട്ടിയകറ്റിയ ലിവാകോവിച്ചിന്‍റെ പ്രകടനമികവാണ് കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെ വീണ്ടും ക്വാര്‍ട്ടറിലെത്തിച്ചത്.

മായ യോഷിദ, കൊറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ ഷോട്ടുകളാണ് ലിവാകോവിച്ച് തടഞ്ഞിട്ടത്. തകുമ അസാനോ മാത്രമായിരുന്നു ഷൂട്ടൗട്ടില്‍ ജപ്പാനായി ഗോള്‍ കണ്ടെത്തിയത്. മറുവശത്ത് കിക്കെടുത്ത മരിയോ പസാലിച്ച്, മാഴ്‌സലോ ബ്രോസോവിച്ച്, നിക്കോളോ വ്ലാസിച്ച് എന്നിവരാണ് ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടത്.

നിശ്ചിത സമയത്തും അധിക സമയത്തും പൊരുതിക്കളിച്ച ഇരുകൂട്ടര്‍ക്കും ഒരു ഗോളിന്‍റെ സമനിലക്കുരുക്ക് പൊളിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 43ാം മിനിട്ടില്‍ മയെദ നേടിയ ഗോളില്‍ ജപ്പാനായിരുന്നു ആദ്യം ലീഡ് പിടിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ജപ്പാന് മറുപടി നല്‍കി.

ലീഡടിച്ച് ജപ്പാന്‍ :മുന്‍ മത്സരങ്ങള്‍ക്ക് സമാനമായ രീതിയില്‍ കളിയുടെ തുടക്കത്തില്‍ കാര്യമായ ആക്രമണങ്ങള്‍ ജപ്പാന്‍ നടത്തിയിരുന്നില്ല. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ അവര്‍ മുതലെടുക്കുകയായിരുന്നു. മറുവശത്ത് പന്തിന്മേല്‍ ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യക്ക് ആദ്യ പകുതിയില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാനും സാധിച്ചില്ല.

9ാം മിനിട്ടില്‍ ടോമിയാസുവിന്‍റെ പിഴവ് മുതലെടുത്ത് പെരിസിച്ച് ഷോട്ടുതിര്‍ത്തെങ്കിലും ജപ്പാന്‍ ഗോളി ഷൂചി ഗോണ്ട അത് തട്ടിയകറ്റി. ബാരിസിച്ചിന്‍റെ ക്രോസില്‍ 28ാം മിനിട്ടില്‍ ഗോളവസരം പെരിസിച്ചും ക്രാമറിച്ചും ഒരുപോലെ കളഞ്ഞുകുളിച്ചു. എന്നാല്‍ കിട്ടിയ അവസരം മുതലാക്കിയ ജാപ്പനീസ് പട ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടി.

ബോക്‌സിലേക്ക് റിറ്റ്‌സു ഡൊവാന്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ക്യാപ്‌റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് മയെദ ഗോളാക്കിമാറ്റി ക്രൊയേഷ്യയെ ഞെട്ടിച്ചു.

ക്രൊയേഷ്യന്‍ മറുപടി :ഒരു ഗോള്‍ ലീഡുമായി ഇറങ്ങിയ ക്രൊയേഷ്യ 55ാം മിനിട്ടില്‍ പെരിസിച്ചിലൂടെ ജപ്പാനൊപ്പമെത്തി. എതിര്‍ബോക്‌സിലേക്ക് ഡെയാന്‍ ലൊവ്‌റെന്‍ ഉയര്‍ത്തി നല്‍കിയ ക്രോസ് പൊക്കത്തിന്‍റെ ആനുകൂല്യം മുതലെടുത്ത് പെരിസിച്ച് ഹെഡ് ചെയ്‌ത് ഗോള്‍ നേടി. തുടര്‍ന്ന് ഇരു ടീമുകളും വിജയഗോളിന് വേണ്ടി കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. മികച്ച അവസരങ്ങളൊരുക്കിയെടുക്കാന്‍ സാധിച്ചെങ്കിലും ഇരുകൂട്ടര്‍ക്കും അത് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

നിശ്ചിത സമയത്തും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. അധികസമയത്തിന്‍റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലിവാകോവിച്ച് ഒരിക്കല്‍ കൂടി ക്രൊയേഷ്യയുടെ രക്ഷകനായി. 105ാം മിനിട്ടില്‍ സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി മുന്നേറിയ മിറ്റോമയുടെ ഷോട്ട് ലിവാകോവിച്ച് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഷൂട്ടൗട്ടിലും ഗോള്‍ പോസ്‌റ്റിന് മുന്നില്‍ കോട്ട കെട്ടിയ ലിവാകോവിച്ച് ടീമിന് അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചു.

ABOUT THE AUTHOR

...view details