കേരളം

kerala

ETV Bharat / sports

നെയ്‌മറോ, മോഡ്രിച്ചോ...? ആര് വീഴും ആര് വാഴും എന്ന് ഇന്നറിയാം; ബ്രസീല്‍ ക്രൊയേഷ്യ ക്വാര്‍ട്ടറിനൊരുങ്ങി ഫുട്‌ബോള്‍ ലോകം

ഇന്ത്യന്‍ സമയം രാത്രി 8:30 മുതലാണ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണ് ബ്രസീല്‍ ക്രൊയേഷ്യ മത്സരം.

ബ്രസീല്‍ ക്രൊയേഷ്യ  ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍  ഫിഫ ലോകകപ്പ്  ഖത്തര്‍ ലോകകപ്പ്  ക്രൊയേഷ്യ  ബ്രസീല്‍  എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം  ലൂക്ക മോഡ്രിച്ച്  നെയ്‌മര്‍  fifa world cup 2022  brazil vs croatia  brazil vs croatia match preview  world cup 2022  brazil  croatia  brazil vs croatia match preview malayalam
brazil vs croatia

By

Published : Dec 9, 2022, 7:30 AM IST

ദോഹ:ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യ സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ബ്രസീല്‍ ക്രൊയേഷ്യ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം.

കരുത്ത് കാട്ടാന്‍ കാനറിപ്പട:അഞ്ച് പ്രാവശ്യം ലോകകിരീടം സ്വന്തമാക്കിയിട്ടുള്ള ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് അവസാന എട്ടിലേക്ക് മുന്നേറിയത്. അന്ന് 4-1 നായിരുന്നു കാനറിപ്പടയുടെ വിജയം. വിനീഷ്യസ് ജൂനിയര്‍, നെയ്‌മര്‍, റിച്ചാര്‍ലിസണ്‍, ലൂകാസ് പക്വെറ്റ എന്നിവര്‍ ആ മത്സരത്തില്‍ മഞ്ഞപ്പടയ്‌ക്കായി ഗോള്‍ നേടി.

അവസാനമായി 2002ലാണ് ബ്രസീല്‍ കിരീടം നേടിയത്. അതിന് ശേഷം നടന്ന നാല് ലോകകപ്പുകളില്‍ മൂന്നിലും ടീം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. 2006ല്‍ ഫ്രാന്‍സ്, 2010ല്‍ നെതര്‍ലന്‍ഡ്‌സ്‌, 2018ല്‍ ബെല്‍ജിയം ടീമുകളാണ് മുന്‍ ലോകകപ്പുകളിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാനറിപ്പടയുടെ വഴിമുടക്കിയത്. സ്വന്തം മണ്ണില്‍ നടന്ന 2014 ലെ ലോകകപ്പില്‍ ടീം സെമി ഫൈനല്‍ വരെ എത്തിയിരുന്നു.

ഇപ്രാവശ്യത്തെ ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനമാണ് ബ്രസീല്‍ കാഴ്‌ചവച്ചിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയയെ തകര്‍ത്ത് കൊണ്ടാണ് കാനറിപ്പട ലോകകപ്പ് യാത്ര തുടങ്ങിയത്. റിച്ചാര്‍ലിസണിന്‍റെ ഇരട്ടഗോളുകള്‍ക്ക് അന്ന് സെര്‍ബിയക്ക് മറുപടി ഉണ്ടായിരുന്നില്ല.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. പ്രതിരോധനിര താരം കാസിമിറൊയുടെ വകയായിരുന്നു മത്സരത്തിലെ ഗോള്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ ജയം പിടിച്ച കാനറിപ്പട ഗ്രൂപ്പില്‍ നിന്ന് ആദ്യമെ തന്നെ അവസാന പതിനാറില്‍ സ്ഥാനം പിടിച്ചിരുന്നു.

ഇതിന് പിന്നാലെ ഇറങ്ങിയ അവസാന മത്സരത്തില്‍ ടീം കാമറൂണിനോട് എതിരില്ലാത്ത ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങി. പ്രധാന താരങ്ങള്‍ ഇല്ലാതെയായിരുന്നു ആ മത്സരത്തിന് ബ്രസീല്‍ ഇറങ്ങിയത്. പ്രീ ക്വാര്‍ട്ടറില്‍ ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ ആയിരുന്നു മഞ്ഞപ്പടയുടെ എതിരാളികള്‍.

പരിക്ക് മാറി സൂപ്പര്‍ താരം നെയ്‌മര്‍ മടങ്ങിയെത്തിയ മത്സരത്തില്‍ കളം നിറഞ്ഞ് കളിച്ച ബ്രസീല്‍ ദക്ഷിണ കൊറിയക്കെതിരെ അനായാസ ജയം സ്വന്തമാക്കി. 4-1നായിരുന്നു ടീമിന്‍റെ വിജയം.

ജൈത്രയാത്ര തുടരാന്‍ ക്രൊയേഷ്യ:നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ജപ്പാനെ ഷൂട്ടൗട്ടില്‍ പൂട്ടിയാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നായിരുന്നു യൂറോപ്യന്‍ സംഘത്തിന്‍റെ വിജയം. ഡൊമനിക് ലിവാകോവിച്ചിന്‍റെ മിന്നും പ്രകടനവും പ്രീ ക്വാര്‍ട്ടര്‍ പോരില്‍ നിലവിലെ റണ്ണറപ്പുകള്‍ക്ക് തുണയായി.

കഴിഞ്ഞ ലോകകപ്പില്‍ ഫൈനലിലാണ് ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും കാലിടറിയത്. കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനോട് 4-2ന്‍റെ തോല്‍വി വഴങ്ങാനായിരുന്നു ടീമിന്‍റെ വിധി. ഇതിന് മുന്‍പ് ടീം ഇതുവരെ കളിച്ച ഏഴ് നോക്കൗട്ട് മത്സരങ്ങളും അധിക സമയത്താണ് കലാശിച്ചത്. അതില്‍ നാലെണ്ണം പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു വിധിയെഴുതിയത്.

ഖത്തറില്‍ എതിരാളികളില്‍ നിന്ന് ടീമിന് കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിട്ടില്ല. തോല്‍വി അറിയാതെയാണ് ക്വാര്‍ട്ടര്‍ വരെയുള്ള ടീമിന്‍റെ യാത്ര. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം മൊറോക്കോയോടും അവസാന മത്സരം ബെല്‍ജിയത്തോടും ക്രൊയേഷ്യ ഗോള്‍രഹിത സമനില വഴങ്ങി.

ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ കാനഡയോട് ആധികാരിക വിജയം. 4-1 നായിരുന്നു അന്ന് ക്രൊയേഷ്യയുടെ ജയം. തുടര്‍ന്ന് ഗ്രൂപ്പ് എഫില്‍ മൊറോക്കോയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ടീം അവസാന 16ലേക്ക് മുന്നേറിയത്.

കണക്കിലെ കളികള്‍:ലോകകപ്പിൽ ഇരുവരും പരസ്‌പരം ഏറ്റുമുട്ടിയ കണക്കുകൾ പരിശോധിച്ചാൽ അതിൽ വ്യക്‌തമായ ആധിപത്യം പുലർത്തുന്നത് ബ്രസീൽ തന്നെയാണ്. ലോകകപ്പിൽ ഇരുവരും രണ്ട് മത്സരങ്ങളിലാണ് പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ രണ്ടിലും വിജയി ബ്രസീൽ തന്നെയായിരുന്നു.

2006ലെ ലോകകപ്പിലാണ് ഇരുവരും ആദ്യമായി നേർക്കുനേർ വന്നത്. അന്ന് 1-0ന്‍റെ വിജയമായിരുന്നു ബ്രസീൽ സ്വന്തമാക്കിയത്. 2014ലാണ് ഇരുവരും വീണ്ടും ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ബ്രസീലിൽ വച്ച് നടന്ന ലോകകപ്പിൽ 3-1നാണ് ആതിഥേയർ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.

ABOUT THE AUTHOR

...view details