ദോഹ: ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി അര്‍ജന്‍റീന. മെസി ഗോളടിച്ചും അടിപ്പിച്ചും കളം നിറഞ്ഞപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം. ജയത്തോടെ ഗ്രൂപ്പ് സിയില്‍ പോളണ്ടിന് പിന്നിലായി അര്‍ജന്‍റീന രണ്ടാം സ്ഥാനത്തേക്കെത്തി.
നിരാശപ്പെടുത്തുന്ന ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്‍റീന ഇരു ഗോളുകളും നേടിയത്. 64-ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ വകയായിരുന്നു ആദ്യ ഗോള്‍. പിന്നാലെ 87-ാം മിനിട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസും ലക്ഷ്യം കണ്ടു.
ഗോള്‍ രഹിതം ആദ്യപകുതി:തുല്യശക്‌തികളുടേതെന്ന പോരാട്ടമായിരുന്നു ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്‍റെ ആദ്യം കണ്ടത്. ആദ്യ അരമണിക്കൂറില്‍ പൊസിഷന്‍ പിടിച്ച് കളിക്കാന്‍ അര്‍ജന്‍റീനക്ക് സാധിച്ചെങ്കിലും മെക്‌സിക്കന്‍ ഗോള്‍ മുഖത്തേക്ക് ഷോട്ടുകള്‍ പായിക്കാന്‍ അവര്‍ക്കായില്ല. 34-ാം മിനിട്ടില്‍ ഡിപോളിനെ ഫൗള്‍ ചെയ്‌തതിന് അര്‍ജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു.
മെക്‌സിക്കന്‍ ഗോള്‍പോസ്‌റ്റ് ലക്ഷ്യമാക്കി മെസിയെടുത്ത കിക്ക് പാഞ്ഞെങ്കിലും ഗോളി ഗില്ലര്‍മോ ഒച്ചോവ പന്ത് തട്ടിമാറ്റി. ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞതിന് പിന്നാലെ ആദ്യ പകുതിയില്‍ തന്നെ മെക്‌സിക്കോ സബ്‌സ്‌റ്റിറ്റ്യൂഷനും നടത്തി. മിഡ്‌ഫീല്‍ഡര്‍ ആന്ദ്രെ ഗ്വാര്‍ഡാഡോയ്‌ക്ക് പകരം എറിക് ഗ്വെട്ടറസിനെയാണ് അവര്‍ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ അനുവദിച്ച അഞ്ച് മിനിട്ട് സമയത്തും ഇരു കൂട്ടര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
മെക്‌സിക്കന്‍ മതില്‍ തകര്‍ത്ത് മിശിഹ: രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസതയാര്‍ന്ന പ്രകടനമാണ് ഇരു കൂട്ടരും പുറത്തെടുത്തത്. 49-ാം മിനിട്ടില്‍ മെസിയെ വീഴ്‌ത്തിയതിന് അര്‍ജന്‍റീനക്ക് അനുകൂലമായി വീണ്ടും ഫ്രീകിക്ക്. മെസിയെടുത്ത കിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക്. തുടര്‍ന്ന് ഏഞ്ചല്‍ ഡി മരിയ ഉള്‍പ്പടെയുള്ളവര്‍ മെക്‌സിക്കന്‍ പ്രതിരോധത്തെ മറികടന്ന് ബോക്‌സിലെത്തിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.