സൂറിച്ച്: ഈ വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ-17 വനിത ലോകകപ്പ് ഗ്രൂപ്പുകൾ തീരുമാനമായി. സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. ഗ്രൂപ്പ് എയിൽ വമ്പൻമാരായ യുഎസ്എ, ബ്രസീൽ, മൊറോക്കോ എന്നിവർക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യ ഉൾപ്പെടെ 16 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്‌ക്കുന്നത്. ഒക്‌ടോബർ 11ന് യുഎസ്‌എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടർ-17 വനിത ലോകകപ്പിന് യോഗ്യത നേടുന്നത്.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക. ഫിഫ, പ്രാദേശിക ഓർഗനൈസിങ് സമിതി (എൽഒസി) യോഗമാണ് വേദി തീരുമാനമെടുത്തത്. 2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഒക്ടോബർ 11 മുതൽ 30 വരെയാണ് നടക്കുന്നത്. കലിംഗ സ്റ്റേഡിയം കൂടാതെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഗോവ, നവി മുംബൈയിലെ ഡോ. ഡി.വൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
രണ്ടാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്നത്. 2017ല്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടന്നിരുന്നു. ഫിഫയുടെ ചരിത്രത്തില്‍ തന്നെ ഒരു അണ്ടര്‍ 17 ലോകകപ്പിന് ഏറ്റവുമധികം കാണികളെത്തിയ മത്സരം എന്ന റെക്കോഡും 2017 അണ്ടർ 19 ലോകകപ്പിൽ പിറന്നിരുന്നു.