കോഴിക്കോട് : കേരളത്തിന്‍റെ ഫുട്‌ബോൾ ആവേശത്തില്‍ അമ്പരന്ന് ഫിഫയും. പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച ലയണൽ മെസിയുടേയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും, നെയ്‌മറിന്‍റെയും കട്ടൗട്ടുകളുടെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തു. ഇതോടെ പുള്ളാവൂരിലെ കട്ടൗട്ട് പോര് ആഗോള തലത്തിലും ശ്രദ്ധയാകര്‍ഷിക്കുകയാണ്. കേരളത്തിന്‍റെ കട്ടൗട്ട് ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടതിന്‍റെ ആവേശത്തിലാണ് ആരാധകരും.
'ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും,നെയ്‌മറിന്‍റെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസിയുടേയും കൂറ്റൻ കട്ടൗട്ടുകൾ ടൂർണമെന്‍റിന് മുന്നോടിയായി പുഴയിൽ ഉയർന്നപ്പോൾ. ലോകകപ്പിന് ഇനി 12 നാളുകൾ കൂടി' - എന്ന കുറിപ്പോടെയാണ് ഫിഫ കട്ടൗട്ടിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തത്. ഫിഫയുടെ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്.
അർജന്‍റീന ആരാധകരാണ് പുള്ളാവൂർ പുഴയുടെ മധ്യത്തിൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ആദ്യം സ്ഥാപിച്ചത്. അർജന്‍റീനയില്‍ ഏറെ ആരാധകരുള്ള ദേശീയ ഫുട്‌ബോൾ ടീമിന്‍റെ ഫാൻ പേജ് മുതൽ അവിടുത്തെ മാധ്യമങ്ങൾ വരെ മെസിയുടെ കട്ടൗട്ട് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ബ്രസീൽ ആരാധകർ നെയ്‌മറിന്‍റെയും, പോർച്ചുഗൽ ആരാധകർ റൊണാൾഡോയുടേയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചത്.
30 അടിയാണ് മെസിയുടെ കട്ടൗട്ടിന്‍റെ ഉയരം. നെയ്‌മറിന്‍റേത് 40 അടിയും റൊണാൾഡോയുടേത് 50 അടിയുമാണ്. ഇടയ്‌ക്ക് പുഴയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നു എന്ന് കാട്ടി പരാതി ലഭിച്ചതിനെത്തുടർന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് നിര്‍ദേശിച്ചിരുന്നു. എന്നാൽ കേരളമൊട്ടാകെയുള്ള ഫുട്‌ബോൾ ആരാധകർ ഒറ്റക്കെട്ടായി എതിർത്തതോടെ പഞ്ചായത്ത് അധികൃതർ തീരുമാനം മാറ്റുകയും കട്ടൗട്ട് നീക്കം ചെയ്യേണ്ടതില്ല എന്ന് വ്യക്‌തമാക്കുകയും ചെയ്‌തു.