ലൊസാനെ : ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനല്‍ മത്സരത്തിന്‍റെ ടിക്കറ്റിനായി 30 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി ഫിഫ അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ചില മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന തോതില്‍ ആവശ്യക്കാരുണ്ടെന്നും ഫിഫ വ്യക്തമാക്കി. നവംബർ 26ന് നടക്കുന്ന അർജന്‍റീന-മെക്‌സിക്കോ മത്സരത്തിനായി 25 ലക്ഷം പേര്‍ ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.
80,000 ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്. തൊട്ടുമുന്നത്തെ ദിവസം നടക്കുന്ന ഇംഗ്ലണ്ട് - അമേരിക്ക മത്സരത്തിനായി 14 ലക്ഷം പേരില്‍ നിന്നാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്. 60,000 ശേഷിയുള്ള അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.
നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്‍റിനായി, രണ്ടാം ഘട്ട വിൽപനയ്ക്ക് ശേഷം യുഎസ്, ഇംഗ്ലണ്ട്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് 20 ലക്ഷം പേരാണ് ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ ശേഷിയലധികം അഭ്യര്‍ഥന ലഭിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ റാൻഡം നറുക്കെടുപ്പിലൂടെയാവും അനുവദിക്കുക.