സൂറിച്ച്: ഖത്തർ ലോകകപ്പിന് പിന്നാലെ ടീമുകളുടെ റാങ്കിങ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. കഴിഞ്ഞ ദിവസങ്ങളിൽ ടീം റാങ്കിങ്ങിനെ പറ്റി ആരാധകർ വാഗ്വാദങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണം ഇന്നാണുണ്ടായത്. ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായെങ്കിലും ബ്രസീൽ തന്നെ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പ് ജേതാക്കളായ അർജന്‍റീനയാണ് രണ്ടാം സ്ഥാനത്ത്. റണ്ണറപ്പുകളായ ഫ്രാൻസ് മൂന്നാം സ്ഥാനത്തും തുടരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബെൽജിയമാണ് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവച്ച നെതർലൻഡ്‌സ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കെത്തി. സെമിഫൈനലിൽ പുറത്തായ ക്രൊയേഷ്യ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം റാങ്കിലെത്തി.
ഇറ്റലി രണ്ട് സ്ഥാനങ്ങൾ നഷ്‌ടപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് വീണപ്പോൾ പോർച്ചുഗൽ ഒൻപതാം റാങ്കിലും സ്‌പെയിൻ മൂന്ന് സ്ഥാനം നഷ്‌ടപ്പെടുത്തി പത്താം റാങ്കിലുമെത്തി. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദി അറേബ്യക്കെതിരെയുള്ള തോൽവിയും ലോകകപ്പിലെ രണ്ട് നോക്കൗട്ട് മത്സരങ്ങൾ ഷൂട്ടൗട്ട് വരെ എത്തിയതുമാണ് അർജന്‍റീനയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടപ്പെടാൻ കാരണം.
ഇപ്പോൾ ബ്രസീലിനെക്കാൾ രണ്ട് പോയിന്‍റ് മാത്രം പിന്നിലാണ് അർജന്‍റീനയുള്ളത്. നിലവിൽ ബ്രസീലിന് 1840.77 പോയിന്‍റും അർജന്‍റീനക്ക് 1838.38 പോയിന്‍റുമാണുള്ളത്. ഫൈനലിൽ 120 മിനിട്ടിനുള്ളിൽ ഫ്രാൻസോ അർജന്‍റീനയോ വിജയിച്ചിരുന്നെങ്കിൽ ഇതിലൊരു ടീമിന് ബ്രസീലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കെത്താമായിരുന്നു. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഫ്രാൻസിന് 1823.39 പോയിന്‍റാണുള്ളത്.
ലോകകപ്പിൽ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്‌ചവച്ച പല വമ്പൻമാരെയും വിറപ്പിച്ച മൊറോക്കോ പതിനൊന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. മൊറോക്കയെ കൂടാതെ 20-ാം റാങ്കിലുള്ള സെനഗലാണ് ആദ്യ 20 റാങ്കുകൾക്കുള്ളിലെ ആഫ്രിക്കൻ സാന്നിധ്യം. ഏഷ്യൻ ടീമുകളിൽ 20-ാം റാങ്കിലുള്ള ജപ്പാനാണ് മുന്നിൽ. ഇന്ത്യ 106-ാം സ്ഥാനത്താണ്.