ദോഹ:ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് വേദികൾക്കുള്ളിൽ മദ്യം ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രാത്രി വൈകി ഏതാനും മണിക്കൂറുകളോളം തിരഞ്ഞെടുത്ത ഫാൻ സോണുകളിൽ മാത്രമാണ് മദ്യം ലഭ്യമാകുകയെന്നാണ് സംഘാടകരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഖത്തറിന്‍റെ വേനൽ ചൂട് ഒഴിവാക്കാൻ നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള ശൈത്യകാല തിയതികളിലാണ് ലോകകപ്പ് നടക്കുക.
മദ്യത്തിന് കർശന നിയന്ത്രണങ്ങളുള്ള ഒരു മുസ്‌ലീം രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പാണ് 2022 പതിപ്പ്. എന്നിരുന്നാലും, മദ്യപാനം പതിറ്റാണ്ടുകളായി ഫുട്‌ബോൾ സംസ്‌കാരവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഖത്തറിൽ പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുന്നത് ശിക്ഷാർഹമാണ്. നിയമ ലംഘനം അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ ആറ് മാസം വരെ തടവും അല്ലെങ്കിൽ 3,000 ഖത്തർ റിയാൽ (65,000 ഇന്ത്യൻ രുപ) പിഴയുമാണ് ശിക്ഷ.
അതുകൊണ്ട് തന്നെ ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ചർച്ചാവിഷയമായിരുന്നു മദ്യത്തിന്‍റെ ലഭ്യത. മത്സരത്തിന് മുൻപും ശേഷവും വേദിക്ക് പുറത്ത് പ്രത്യേകം സജ്ജീകരിച്ച പ്രത്യേക കേന്ദ്രങ്ങളിൽ ബിയർ വിൽപ്പനയ്‌ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ലോകകപ്പ് വേദികളിലെ വിഐപി ലോഞ്ചുകളിൽ ബിയർ, ഷാംപെയ്‌ന്‍, വൈൻ, സ്‌പിരിറ്റ് എന്നിവ ലഭ്യമാക്കുമെന്നാണ് ഫിഫ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളിൽ നോൺ - ആൽക്കഹോളിക് ഡ്രിങ്കുകൾക്ക് മാത്രമാണ് അനുമതി.