സൂറിച്ച് : ലോകകപ്പ് ഫുട്‌ബോളിൽ ചരിത്ര മാറ്റങ്ങളുമായി ഫിഫ. നിലവിലെ ഫോർമാറ്റിൽ നിന്നും വ്യത്യസ്‌തമായി പുതിയ രീതിയിലേക്കാണ് കാൽപന്ത് കളിയുടെ മാമാങ്കം മാറുന്നത്. ഇതുവരെ 32 ടീമുകളാണ് പങ്കെടുത്തിരുന്നതെങ്കിൽ ഇനിമുതൽ 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് വിശ്വകിരീടത്തിനായി മാറ്റുരയ്‌ക്കുക.
ഇതോടെ 64 മത്സരങ്ങളുണ്ടായിരുന്ന ലോകകപ്പിൽ 104 മത്സരങ്ങൾ ഉണ്ടാകും. 40 മത്സരങ്ങളുടെ വർധനവായിരിക്കും ഉണ്ടാവുക. റുവാണ്ടയിലെ കിഗാലിയിൽ നടന്ന ഫിഫയുടെ കൗൺസിൽ യോഗമാണ് ഈ നീക്കത്തിന് അംഗീകാരം നൽകിയത്. പുതുക്കിയ മത്സരഘടന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ലോകകപ്പ് കളിക്കുകയെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സഹായകരമാകും.
2026 ൽ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായിട്ടാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഈ രാജ്യങ്ങളിലെ 16 നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ 11 നഗരങ്ങൾ യുഎസിലും മൂന്ന് വേദി മെക്‌സിക്കോയിലും രണ്ടെണ്ണം കാനഡയിലുമാണ്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂന്ന് ടീമുകൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ പ്രതിനിധീകരിക്കുന്ന ഈ ലോകകപ്പ് ടൂർണമെന്‍റ് ചരിത്രത്തിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായിരിക്കും.
4 വീതം ടീമുകളുള്ള 12 ഗ്രൂപ്പുകളിലായാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമിനും മൂന്ന് വീതം മത്സരങ്ങൾ. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച 8 ടീമുകളും റൗണ്ട് ഓഫ് 32വിലേക്ക് പ്രവേശിക്കും. ഫൈനലിസ്റ്റുകളും മൂന്ന്, നാല് സ്ഥാനങ്ങൾ നേടുന്ന ടീമുകളും നിലവിലെ ഏഴ് മത്സരങ്ങൾക്ക് പകരം എട്ട് മത്സരങ്ങൾ കളിക്കും.
മൂന്ന് വീതം ടീമുകളെ 16 ഗ്രൂപ്പുകളായി വിഭജിക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യകാല ചർച്ചകൾ. എന്നാൽ വാർഷിക യോഗത്തിലാണ് നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകൾ എന്ന അന്തിമ തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന 32 ടീമുകളുടെ ലോകകപ്പിൽ 29 ദിവസം കൊണ്ടാണ് 64 മത്സരങ്ങൾ പൂർത്തിയാക്കിയത്.
24 ൽ നിന്ന് 48 ലേക്ക്: അവസാനമായി മെക്‌സിക്കോയും (1986) അമേരിക്കയും (1994) ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ 24 ടീമുകൾ മാത്രമാണുണ്ടായിരുന്നത്. 1998 എഡിഷൻ മുതൽ ടൂർണമെന്‍റിൽ 32 ടീമുകൾ ഉണ്ടായിരുന്നു, നാല് ടീമുകളുള്ള എട്ട് ഗ്രൂപ്പുകളും, ഫൈനലിസ്റ്റുകൾ ഏഴ് മത്സരങ്ങൾ വീതവും കളിച്ചു.
2025-2030 വരെയുള്ള ഒരു പുരുഷ അന്താരാഷ്ട്ര മത്സര കലണ്ടറിന് യോഗത്തിൽ ഫിഫ അംഗീകാരം നൽകി. ഇതനുസരിച്ച് 2026 ജൂലൈ 19നാണ് ലോകകപ്പ് ഫുട്‌ബോളിന്‍റെ കലാശപ്പോരാട്ടം. ടൂർണമെന്‍റിനായി ക്ലബ്ബുകൾ കളിക്കാരെ വിട്ടയക്കേണ്ട തീയതി 2026 മെയ് 24 മുതലാണ്. ക്ലബ്ബുകളുടെ അവസാന മത്സരങ്ങൾക്ക് അനുസരിച്ച് മെയ് 30 വരെ ഇളവുകൾ ബാധകമായേക്കാമെന്നും ഫിഫ അറിയിച്ചു.
ക്ലബ് ലോകകപ്പിന് പുതിയ മുഖം: 2025 ജൂൺ മുതൽ നാല് വർഷത്തിലൊരിക്കൽ 32 ടീമുകളെ ഉൾപ്പെടുത്തി ക്ലബ് ലോകകപ്പ് നടക്കുമെന്നും ഫിഫ അറിയിച്ചു. കഴിഞ്ഞ വർഷം ഖത്തറിൽ നടത്തിയ പ്രഖ്യാപനം ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ സ്ഥിരീകരിച്ചു. നിലവിലെ ഫിഫ ക്ലബ് ലോകകപ്പ് 2023-ന് ശേഷം നിർത്തലാക്കും. 2024 മുതൽ പുതുക്കിയ രീതി അംഗീകരിക്കപ്പെടും. നിലവിൽ ഏഴ് ടീമുകളെ ഉൾപ്പെടുത്തി വർഷത്തിലൊരിക്കലാണ് ക്ലബ് ലോകകപ്പ് നടക്കുന്നത്. റയൽ മാഡ്രിഡാണ് നിലവിലെ ജേതാക്കൾ.
പുതിയ ടൂർണമെന്‍റിന് യൂറോപ്പിൽ നിന്നും 12 ടീമുകൾ പങ്കെടുക്കും. 2021-2024 കാലയളവിലെ ചാമ്പ്യന്മാർക്ക് പുതിയ ക്ലബ് ലോകകപ്പിൽ കളിക്കാൻ അർഹതയുണ്ട്. യഥാക്രമം 2021ലും 2022ലും ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും റയൽ മാഡ്രിഡും ഇതിനകം തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചുകഴിഞ്ഞു. ഈ ടീമുകളെ കൂടാതെ എല്ലാ കോൺഫെഡറേഷനുകളുടെയും ലീഗ് ജേതാക്കളെയും, യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികളെയും ഇന്‍റർകോണ്ടിനന്‍റൽ പ്ലേ-ഓഫിലെ വിജയികളെയും ഉൾപ്പെടുത്തും.