ദോഹ : കാല്‍പ്പന്ത് കളിയുടെ വിശ്വകിരീടത്തില്‍ മുത്തമിടുകയെന്ന, ഇതിഹാസതാരം ലയണല്‍ മെസിയുടെ സ്വപ്‌നം സാക്ഷാത്‌കരിച്ച് ടീം അര്‍ജന്‍റീന. ഓരോ നിമിഷവും ആവേശം നുരഞ്ഞുപൊങ്ങിയ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ആല്‍ബിസെലസ്റ്റകള്‍ മൂന്നാം ലോകകിരീടം ചൂടിയത്. കിരീടം നിലനിര്‍ത്തുക എന്ന ഫ്രഞ്ച് സ്വപ്‌നം,പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് അര്‍ജന്‍റീന തല്ലിക്കെടുത്തി.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകളും, എക്സ്‌ട്രാ ടൈമില്‍ ഓരോന്നുവീതവും അടിച്ച് മൂന്ന് ഗോള്‍ സമനില പാലിച്ചതാടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഹാട്രിക് നേടി. 80,81,118 മിനിട്ടുകളിലായിരുന്നു ഫ്രഞ്ച് സൂപ്പര്‍ താരം പന്ത് അര്‍ജന്‍റൈന്‍ ഗോള്‍വലയ്‌ക്കുള്ളിലെത്തിച്ചത്.
അര്‍ജന്‍റീനയ്‌ക്കായി മെസി രണ്ടും ഡി മരിയ ഒരു ഗോളും നേടി. 23,108 മിനിട്ടുകളിലാണ് മെസി ഫ്രഞ്ച് ഗോള്‍വല കുലുക്കിയത്.36ാം മിനിട്ടിലായിരുന്നു ഡി മരിയയുടെ ഗോള്‍.
ഷൂട്ടൗട്ടില്‍ ലയണല്‍ മെസി, പൗലേ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ക്ക് മാത്രമാണ് ഫ്രാന്‍സിന് വേണ്ടി അവസരം മുതലാക്കാനായത്. കിങ്‌സ്‌ലി കോമാന്‍റെ ഷോട്ട് അര്‍ജന്‍റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടു. ഫ്രാന്‍സിനായി മൂന്നാം കിക്കെടുത്ത ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്തേക്കുപോയി.
ലോകകപ്പില്‍ ലാറ്റിന്‍ അമേരിക്കന്‍ സംഘത്തിന്‍റെ ഐതിഹാസിക കുതിപ്പിന് ചുക്കാന്‍ പിടിച്ച ലയണല്‍ മെസിയാണ് ടൂര്‍ണമെന്‍റിന്‍റെ താരം. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫൈനലിലെ ഹാട്രിക്കോടെ എംബാപ്പെ സ്വന്തമാക്കി. എട്ട് ഗോളാണ് എംബാപ്പെ ഇത്തവണ ലോകകപ്പില്‍ എതിരാളികളുടെ വലയിലെത്തിച്ചത്. ഏഴ് ഗോള്‍ നേടിയ മെസിയാണ് പട്ടികയില്‍ രണ്ടാമന്‍.
മിശിഹയും മാലാഖയും ചിരിച്ച ആദ്യ പകുതി : മികച്ച മുന്നേറ്റവുമായി മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ അര്‍ജന്‍റീന കളം നിറഞ്ഞു. ഫ്രഞ്ച് ഗോള്‍ വലയില്‍ പന്തെത്തിക്കാന്‍ ജൂനിയര്‍ അല്‍വാരസ് ശ്രമിച്ചെങ്കിലും ഓഫ്‌സൈഡായി മാറുകയായിരുന്നു ആ നീക്കം. പിന്നാലെ അഞ്ചാം മിനിട്ടില്‍ മാക് അലിസ്റ്റര്‍ പായിച്ച ഒരു ലോങ് റെയ്‌ഞ്ചര്‍ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്‍റെ കൈകള്‍ കടന്നില്ല.
9ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്‍റീനയ്ക്ക് ലഭിക്കുന്നത്. പക്ഷേ അത് ഗോളാക്കിമാറ്റാന്‍ മെസിപ്പടയ്‌ക്ക് സാധിച്ചില്ല. 17ാം മിനിട്ടില്‍ മെസിയുടെ പാസ് സ്വീകരിച്ച് ഫ്രഞ്ച് ഗോള്‍ വല ലക്ഷ്യം വച്ച ഡി മരിയയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.
20ാം മിനിട്ടിലാണ് ഫ്രാന്‍സിന് ഒരു സുവര്‍ണാവസരം ലഭിച്ചത്. ആന്‍റോയിന്‍ ഗ്രീസ്‌മാന്‍റെ ഫ്രീ കിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 21ാം മിനിട്ടില്‍ എതിര്‍ ബോക്‌സിലേക്ക് കുതിച്ചെത്തിയ എയ്‌ഞ്ചല്‍ ഡി മരിയയെ ഡെംബലെ വീഴ്‌ത്തിയതിന് അര്‍ജന്‍റീനയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ക്യാപ്‌റ്റന്‍ ലയണല്‍ മെസിയാണ് കിക്കെടുക്കാന്‍ പെനാല്‍റ്റി സ്‌പോട്ടിലേക്കെത്തിയത്.
23ാം മിനിട്ടില്‍ കിക്കെടുത്ത സൂപ്പര്‍ താരത്തിന് പിഴച്ചില്ല. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് മെസി പന്ത് ഗോള്‍പോസ്‌റ്റിന്‍റെ വലതുവശത്തേക്ക് അടിച്ചുകയറ്റിയപ്പോള്‍ ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ആര്‍ത്തിരമ്പി. ഈ ലോകകപ്പിലെ മെസിയുടെ ആറാം ഗോളായിരുന്നു ഇത്.
ലീഡെടുത്തിട്ടും ആക്രമിച്ച് കളിക്കാനാണ് മെസിയും സംഘവും ശ്രമിച്ചത്. പ്രതിരോധത്തിലൂന്നി കളിക്കാതിരുന്ന അര്‍ജന്‍റീന മത്സരത്തിന്‍റെ 36ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി. സൂപ്പര്‍ താരം എയ്‌ഞ്ചല്‍ ഡി മരിയയുടെ വകയായിരുന്നു ഗോള്‍.
ലയണല്‍ മെസി തുടക്കമിട്ട നീക്കത്തില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. മെസി നല്‍കിയ പാസ് അല്‍വാരസ് മാക് അലിസ്റ്ററിന് മറിച്ചു. ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ അലിസ്റ്റര്‍ പന്ത് ഡി മരിയയുടെ കാലുകളിലെത്തിച്ചു. പന്ത് സ്വീകരിച്ച ഡി മരിയ ഹ്യൂഗോ ലോറിസിനെ കാഴ്‌ചക്കാരനാക്കി അര്‍ജന്‍റൈന്‍ ലീഡുയര്‍ത്തി.