ഓള്‍ഡ് ട്രഫോര്‍ഡ് :യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തില്‍ മോള്‍ഡോവന്‍ ക്ലബ് ഷെരിഫിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തകര്‍ത്തത്. ഡിയോഗോ ദലോട്ട്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളുകളിലായിരുന്നു ആതിഥേയരുടെ വിജയം.
ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തിന്‍റെ പൂര്‍ണനിയന്ത്രണം യുണൈറ്റഡിന്‍റെ കാലുകളിലായിരുന്നു. മത്സരത്തിന്‍റെ എല്ലാ മേഖലയിലും ആതിഥേയര്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. എതിരാളികളെ ഒരു ഷോട്ട് പോലും ഗോള്‍ പോസ്റ്റിലേക്ക് പായിക്കാന്‍ അനുവദിക്കാതെയായിരുന്നു ചുവന്ന ചെകുത്താന്മാര്‍ കളിയവസാനിപ്പിച്ചത്.
ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിട്ട് മുന്‍പായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ക്രിസ്‌റ്റ്യന്‍ എറിക്‌സണ്‍ എടുത്ത കോര്‍ണര്‍ കിക്ക് ബോക്‌സില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡിയോഗോ ദലോട്ട് ഹെഡ് ചെയ്‌ത് വലയിലെത്തിച്ചു. മത്സരത്തിന്‍റെ 44ാം മിനിട്ടിലായിരുന്നു ഗോള്‍.
65ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡ് ലീഡുയര്‍ത്തി. എറിക്‌സണ്‍ നല്‍കിയ പന്ത് സ്വീകരിച്ച് ഇടത് വിങ്ങിലൂടെ മുന്നേറിയ പ്രതിരോധനിര താരം എല്‍.ഷായാണ് റാഷ്‌ഫോര്‍ഡിന് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് യുണൈറ്റഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
യുണൈറ്റഡിന്‍റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച റൊണാള്‍ഡോ 81ാം മിനിട്ടിലാണ് ഗോള്‍ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസ് വലയിലെത്തിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തലവച്ചെങ്കിലും ഷെരിഫ് ഗോളി അത് രക്ഷപ്പെടുത്തി.തുടര്‍ന്ന് ലഭിച്ച റീബൗണ്ട് റൊണാള്‍ഡോ ഗോളാക്കി മാറ്റി.
ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള പ്രതീക്ഷകളും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സജീവമാക്കി. നോക്ക് ഔട്ട് റൗണ്ടില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തേക്ക് വരുന്ന ടീമുകളെ നേരിടാതിരിക്കാന്‍ യുണൈറ്റഡിന് അവസാനമത്സരം രണ്ടോ അതിലധികമോ ഗോളുകളുടെ വ്യത്യാസത്തില്‍ ജയിക്കേണ്ടതുണ്ട്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡുമായാണ് യുണൈറ്റഡിന്‍റെ അവസാന മത്സരം.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലിനെ ഡച്ച് ക്ലബ് പിഎസ്‌വി പരാജയപ്പെടുത്തി. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ തോല്‍വി വഴങ്ങിയത്. അതേസമയം യൂറോപ്പ ലീഗിലെ മറ്റ് മത്സരങ്ങളില്‍ എഎസ് റോമ, റയല്‍ സോസിഡാഡ് യൂണിയന്‍ ബെര്‍ലിന്‍ ടീമുകള്‍ വിജയിച്ചു.