ലണ്ടൻ: പ്രീമിയർ ലീഗിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത ലിവർപൂൾ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ലിവർപൂളിന്‍റെ മൈതാനമായ ആൻഫീൽഡിൽ മത്സരത്തിൽ യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് 4 ഗോളിന്‍റെ വ്യത്യാസത്തിൽ ആൻഫീൽഡിൽ തോൽക്കുന്നത്.
തുടക്കം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ആദ്യ ഗോൾ വഴങ്ങി. അഞ്ചാം മിനിറ്റിൽ സലാ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് ലൂയിസ് ഡിയസ് ലിവർപൂളിനെ മുന്നിൽ എത്തിച്ചു. 22-ാം മിനിറ്റിൽ വൺ ടച്ച് പാസിലൂടെ യുണൈറ്റഡ് പ്രതിരോധം പൊളിച്ച ലിവർപൂൾ സലായുടെ മനോഹരമായ ഫിനിഷിലൂടെ ലീഡുയർത്തി. ഈ സീസണിൽ യുണൈറ്റഡിനെതിരായ സലായുടെ നാലാം ഗോളായിരുന്നുവിത്.
ക്രിസ്റ്റിയാനോ റൊണാൾഡോയില്ലാതെ കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും തൊടുക്കാൻ ആയിരുന്നില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡിന് രണ്ട് സുവർണ്ണവസരങ്ങൾ കിട്ടി എങ്കിലും എലാംഗയ്ക്കും റാഷ്ഫോർഡിനും അലിസണെ കീഴ്പ്പെടുത്താനായില്ല. പിന്നാലെ 68-ാം മിനുട്ടിൽ സാദിയോ മനേയും ഗോൾ നേടി. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സലായുടെ രണ്ടാം ഗോളും വന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോരാട്ടം അവസാനിച്ചു.
ALSO READ:മകന്‍റെ മരണം: ലിവർപൂളിനെതിരെ ക്രിസ്റ്റ്യാനോ കളിക്കില്ല
32 മത്സരങ്ങളിൽ നിന്ന് 76 പോയിന്‍റുമായാണ് ലിവർപൂൾ ലീഗിൽ ഒന്നാമത്. ഒരു മത്സരം കുറവ് കളിച്ച സിറ്റി 74 പോയിന്‍റുമായി രണ്ടാമതാണ്. 33 മത്സരങ്ങളിൽ നിന്ന് 54 പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാമത് നിൽക്കുന്നു.