കേരളം

kerala

ETV Bharat / sports

ജയക്കുതിപ്പിന് വിരാമം ; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ പൂട്ടി ക്രിസ്റ്റല്‍ പാലസ്

തുടര്‍ച്ചയായ ആറാം മത്സരത്തിലും വിജയം പ്രതീക്ഷിച്ചാണ് സെല്‍ഹര്‍സ്റ്റ് പാര്‍ക് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പന്ത് തട്ടാനിറങ്ങിയത്. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ യുണൈറ്റഡിന്‍റെ ഗോളിന് മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റല്‍ പാലസ് മറുപടി നല്‍കിയത്

english premier league  manchester united vs crystal palace  manchester united  crystal palace  epl  Man Utd vs Crystel palace  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ക്രിസ്റ്റല്‍ പാലസ്  മാഞ്ചസ്റ്റര്‍  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ബ്രൂണോ ഫെര്‍ണാണ്ടസ്  മൈക്കിള്‍ ഒലൈസ്
manchester united vs crystal palace

By

Published : Jan 19, 2023, 8:15 AM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ വിജയക്കുതിപ്പിന് സമനില കുരുക്കിട്ട് ക്രിസ്റ്റല്‍ പാലസ്. സെല്‍ഹര്‍സ്റ്റ് പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന പത്തൊന്‍പതാം റൗണ്ട് മത്സരത്തില്‍ ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. യുണൈറ്റഡിനായി ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളടിച്ചപ്പോള്‍ മൈക്കിള്‍ ഒലൈസിന്‍റെ ഗോളിലൂടെയാണ് ക്രിസ്റ്റല്‍ പാലസ് തിരിച്ചടിച്ചത്.

സമനിലയോടെ യുണൈറ്റഡിന് 19 മത്സരങ്ങളില്‍ 39 പോയിന്‍റായി. 18 മത്സരങ്ങളില്‍ 39 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ രണ്ടാമത്. ഞായറാഴ്‌ച,ടേബിള്‍ ടോപ്പേഴ്‌സ് ആയ ആര്‍സണലിനെതിരെയാണ് യുണൈറ്റഡിന്‍റെ അടുത്ത മത്സരം.

സെല്‍ഹര്‍സ്റ്റിലെ 80 മിനിട്ട് വരെ മത്സരം യുണൈറ്റഡിന്‍റെ കാലുകളിലായിരുന്നു. അവിടുന്നങ്ങോട്ടാണ് ചുവന്ന ചെകുത്താന്‍മാര്‍ക്ക് തിരിച്ചടികള്‍ നേരിട്ടത്. മത്സരത്തിന്‍റെ 81-ാം മിനിട്ടില്‍ മിഡ്‌ഫീല്‍ഡ് ജനറല്‍ കാസിമിറോയ്‌ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ക്രിസ്റ്റല്‍ പാലസിന്‍റെ സാഹയെ വലിച്ചിട്ടതിനാണ് താരത്തിന് മഞ്ഞക്കാര്‍ഡ് കിട്ടിയത്. സീസണില്‍ കാസിമിറോയുടെ അഞ്ചാമത്തെ മഞ്ഞക്കാര്‍ഡാണിത്. ഇതോടെ ഞായറാഴ്‌ച എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആര്‍സണലിനെതിരായി നടക്കുന്ന മത്സരത്തില്‍ താരത്തിന് ഇറങ്ങാന്‍ സാധിക്കില്ല.

ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ ജയം നേടിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്നിലാക്കി പോയിന്‍റ് പട്ടികയിലേക്ക് കുതിക്കാന്‍ യുണൈറ്റഡിന് സാധിക്കുമായിരുന്നു. മൂന്ന് പോയിന്‍റുമായി സെല്‍ഹര്‍സ്റ്റില്‍ നിന്നും മടങ്ങാമെന്നായിരുന്നു ടീമിന്‍റെ പ്രതീക്ഷ. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഒലൈസ് ഫ്രീ കിക്ക് കൃത്യമായി വലയിലെത്തിച്ച് യുണൈറ്റഡിന്‍റെ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

ഫന്‍റാസ്റ്റിക് ബ്രൂണോ :തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ടാണ് ക്രിസ്റ്റല്‍ പാലസിനെതിരെ പന്ത് തട്ടാന്‍ എറിക് ടെന്‍ ഹാഗിന്‍റെ ശിഷ്യന്മാര്‍ സെല്‍ഹര്‍സ്റ്റില്‍ ഇറങ്ങിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ പന്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത യുണൈറ്റഡ് താരങ്ങള്‍ അനായാസം എതിര്‍ പകുതിയിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. മൈതാനത്തിന്‍റെ വലതുവശം കേന്ദ്രീകരിച്ചായിരുന്നു ആദ്യ 20 മിനിട്ടില്‍ യുണൈറ്റഡിന്‍റെ ഭൂരിഭാഗം മുന്നേറ്റങ്ങളും.

മത്സരത്തിന്‍റെ 23-ാം മിനിട്ടില്‍ ആദ്യ ഗോളടിക്കാന്‍ യുണൈറ്റഡ് താരം ആന്‍റണിക്ക് അവസരം ലഭിച്ചു. എന്നാല്‍ പന്ത് കൃത്യമായി വലയിലെത്തിക്കാന്‍ താരത്തിനായില്ല. തുടര്‍ന്ന് 33-ാം മിനിട്ടില്‍ വൗട്ട് വെഘോർസ്റ്റിന്‍റെ ഹെഡര്‍ ക്രോസ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക്.

മറുവശത്ത് ക്രിസ്റ്റല്‍ പാലസിന്‍റെ നീക്കങ്ങളുടെ മുനയോരൊന്നും യുണൈറ്റഡ് താരങ്ങള്‍ കൃത്യസമയങ്ങളില്‍ തന്ന ഒടിച്ചുകൊണ്ടിരുന്നു. 40-ാം മിനിട്ടില്‍ യുണൈറ്റഡ് പ്രതിരോധക്കോട്ട തകര്‍ത്ത് ഓഡ്‌സണ്‍ എഡ്വാർഡ് യുണൈറ്റഡ് പായിച്ച ഷോട്ട് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ വിരല്‍ത്തുമ്പുകൊണ്ട് തട്ടിയകറ്റി. പിന്നാലെ മത്സരത്തിലെ ആദ്യ ഗോളും പിറന്നു.

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, റാഷ്‌ഫോര്‍ഡ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു ഗോള്‍ സ്കോറര്‍. മത്സരത്തിന്‍റെ 43-ാം മിനിട്ടിലാണ് സന്ദര്‍ശകര്‍ ലീഡ് നേടിയത്.

ചെകുത്താന്‍മാരെ കുരുക്കിയ ഈഗിള്‍സ്:രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോള്‍ മടക്കാനുള്ള നീക്കങ്ങള്‍ ക്രിസ്റ്റല്‍ പാലസ് നടത്തി. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്‌മയാണ് ടീമിന് തിരിച്ചടിയായത്. പന്ത് കൈവശംവച്ച് കളിക്കാനായിരുന്നു മറുവശത്ത് യുണൈറ്റഡിന്‍റെ ശ്രമം.

76-ാം മിനിട്ടില്‍ ക്രിസ്റ്റല്‍ പാലസിന്‍റെ ഗോളെന്നുറപ്പിച്ച മറ്റൊരു നീക്കവും ഡി ഗിയ രക്ഷപ്പെടുത്തി. 90-ാം മിനിട്ടില്‍ ഗോള്‍ പോസ്റ്റിന്‍റെ 25 വാര അകലെ നിന്നും ക്രിസ്റ്റല്‍ പാലസിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ജെഫ്രി ഷ്ലാപ്പിനെ വീഴ്‌ത്തിയതിനാണ് ആതിഥേയര്‍ക്ക് ഫ്രീ കിക്ക് കിട്ടിയത്.

കിക്കെടുക്കാനെത്തിയ ഒലൈസ് പന്ത് കൃത്യമായി വലയിലെത്തിച്ചു. സമനിലയോടെ ക്രിസ്റ്റല്‍ പാലസിന് 23 പോയിന്‍റായി. നിലവില്‍ പട്ടികയില്‍ 12-ാം സ്ഥാനത്താണ് ടീം.

ABOUT THE AUTHOR

...view details