ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ തോൽപിച്ച് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പാലസിനെ വീഴ്‌ത്തിയത്. മത്സരത്തിന്‍റെ ഇരുപകുതികളിലായി ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്ഫോർഡുമാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്.
ഏഴാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്രൂണോ ലക്ഷ്യം കണ്ടത്. 62-ാം മിനിട്ടിലാണ് റാഷ്ഫോർഡ് ഗോളടിച്ചത്. ലൂക്ക് ഷോയുടെ ക്രോസില്‍ നിന്നാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. 70-ാം മിനിട്ടില്‍ കാസിമിറോ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങി.
പിന്നാലെ 76-ാം മിനിട്ടില്‍ ജെഫ്രിയാണ് പാലസിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോള്‍ വഴങ്ങാതിരുന്ന യുണൈറ്റഡ് മത്സരം പിടിക്കുകയായിരുന്നു. ഇതോടെ പ്രീമിയര്‍ ലീഗില്‍ 2017ന് ശേഷം ഓള്‍ഡ് ട്രഫോര്‍ഡില്‍ ആദ്യമായി തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ നേടാനും ടെന്‍ഹാഗന്‍റെ സംഘത്തിന് കഴിഞ്ഞു.
21 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുമായാണ് യുണൈറ്റഡ് മൂന്നാമതെത്തിയത്. 21 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റുള്ള ക്രിസ്റ്റല്‍ പാലസ് 12-ാം സ്ഥാനത്താണ്.
ആഴ്‌സണലിന് അട്ടിമറി തോല്‍വി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ എവര്‍ട്ടണ്‍ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് 19-ാം സ്ഥാനക്കാരായിരുന്ന എവര്‍ട്ടണ്‍ പീരങ്കിപ്പടയെ തോല്‍പ്പിച്ചത്. 60-ാം മിനിട്ടില്‍ ജെയിംസ് തര്‍കോവ്‌സ്‌കിയാണ് എവര്‍ട്ടണിന്‍റെ വിജയ ഗോള്‍ നേടിയത്.