കേരളം

kerala

ETV Bharat / sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: കുതിപ്പ് തുടര്‍ന്ന് യുണൈറ്റഡ്, ആഴ്‌സണലിനെ തളച്ച് ന്യൂകാസില്‍ - ആഴ്‌സണല്‍ vs ന്യൂകാസില്‍ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

english premier league  manchester united vs bournemouth highlights  manchester united  bournemouth  Marcus Rashford  ഇഗ്ലീഷ് പ്രീമിയര്‍ ലീഗ്  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്  ബേണ്‍മൗത്ത്  ബേണ്‍മൗത്ത് vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ആഴ്‌സണല്‍  ന്യൂകാസില്‍ യുണൈറ്റഡ്  ആഴ്‌സണല്‍ vs ന്യൂകാസില്‍ യുണൈറ്റഡ്  Arsenal vs Newcastle United
കുതിപ്പ് തുടര്‍ന്ന് യുണൈറ്റഡ്

By

Published : Jan 4, 2023, 11:25 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബേണ്‍മൗത്തിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ജയം പിടിച്ചത്. ചുവന്ന ചെകുത്താന്മാര്‍ക്കായി കാസെമിറോ, ലൂക്ക് ഷോ, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരാണ് ഗോള്‍ നേടിയത്.

മത്സരത്തിന്‍റെ 23ാം മിനിട്ടില്‍ കാസെമിറോയാണ് യുണൈറ്റഡിനായി ആദ്യം ലക്ഷ്യം കണ്ടത്. റാഷ്‌ഫോര്‍ഡിനെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച ഒരു ഫ്രീകിക്കില്‍ നിന്നാണ് ഈ ഗോള്‍ വന്നത്. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് ആദ്യ ടെച്ചില്‍ തന്നെ കാസെമിറോ വലയിലെത്തിച്ചു.

49ാം മിനിട്ടിലാണ് ലൂക്ക് ഷോയുടെ ഗോള്‍ നേട്ടം. ബോക്‌സിന് അകത്ത് അലിയാന്ദ്രോ ഗര്‍ണാച്ചോ മറിച്ച് നല്‍കിയ പന്ത് താരം വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 86ാം മിനിട്ടിലാണ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് വലകുലുക്കിയത്.

ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു ഗോളിന് വഴിയൊരുക്കിയത്. മധ്യവരയ്‌ക്ക് അരികില്‍ നിന്നും ബേണ്‍മൗത്ത് ബോക്‌സിലേക്ക് നല്‍കിയ പന്ത് ഒടിയെടുത്ത് ബ്രൂണോ റാഷ്‌ഫോര്‍ഡിന് നീട്ടി നല്‍കുകയായിരുന്നു. ഇത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ റാഷ്‌ഫോര്‍ഡിന് വന്നൊള്ളു.

തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് റാഷ്‌ഫോര്‍ഡ് യുണൈറ്റഡിനായി ഗോള്‍ നേടുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡിന്‍റെ തുടര്‍ച്ചയായ ഏഴാം വിജയം കൂടിയാണിത്. വിജയത്തോടെ പോയിന്‍റ് ആദ്യനാലില്‍ ഒരു സ്ഥാനമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമാക്കാന്‍ എറിക് ടെന്‍ ഹാഗിന്‍റെ സംഘത്തിന് കഴിഞ്ഞു.

നിലവില്‍ 17 മത്സരങ്ങളില്‍ നിന്നും 35 പോയിന്‍റോടെ നാലാം സ്ഥാനത്താണ് യുണൈറ്റഡ്. 11 വിജയങ്ങളും രണ്ട് സമനിലയും നാല് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

ആഴ്‌സണലിന് കുരുക്ക്:പ്രീമിയല്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ആഴ്‌സണല്‍ സമനിലയില്‍ കുരുങ്ങി. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ന്യൂകാസില്‍ യുണൈറ്റഡാണ് പീരങ്കിപ്പടയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. സീസണില്‍ ആഴ്‌സണല്‍ വഴങ്ങുന്ന രണ്ടാമത്തെ സമനിലയും ഹോം ഗ്രൗണ്ടില്‍ നഷ്‌ടപ്പെടുത്തുന്ന ആദ്യ പോയിന്‍റുമാണിത്.

മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ലീഡ് 10 പോയിന്‍റായി ഉയര്‍ത്താന്‍ ആഴ്‌സണലിന് കഴിയുമായിരുന്നു. ആഴ്‌സണലിന്‍റെ മുന്നേറ്റ നിരയുടെ മുനയൊടിച്ച പ്രതിരോധമൊരുക്കിയാണ് ന്യൂകാസില്‍ ഒരുക്കിയത്. മത്സരത്തില്‍ 67 ശതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളടിക്കാന്‍ കഴിയാത്തത് ആഴ്‌സണലിന് തിരിച്ചടിയായി.

നിലവില്‍ 17 മത്സരങ്ങളില്‍ നിന്നും 44 പോയിന്‍റുമായാണ് പീരങ്കിപ്പട ഒന്നാം സ്ഥാനത്ത് തുടരുന്നത്. 14 വിജയങ്ങളും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. 18 മത്സരങ്ങളില്‍ നിന്നും 35 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ന്യൂകാസില്‍ യുണൈറ്റഡ്. രണ്ടാം സ്ഥാനക്കാരായ സിറ്റിക്ക് 16 മത്സരങ്ങളില്‍ നിന്നും 36 പോയിന്‍റാണുള്ള്.

മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം മറുപടിയില്ലാത്ത ഒരു ഗോളിന് ലെസ്റ്ററിനെ തോല്‍പ്പിച്ചപ്പോള്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ബ്രൈട്ടണ്‍ എവര്‍ട്ടണെ തകര്‍ത്തു.

Also read:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെമ്പടയ്‌ക്ക് ബ്രെന്‍റ്‍ഫോര്‍ഡ് ഷോക്ക്

ABOUT THE AUTHOR

...view details