മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അഞ്ചാം ജയം. വോൾവ്‌സിനെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ജാക് ഗ്രീലിഷ്, എര്‍ലിംഗ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവരാണ് ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ വോൾവ്‌സ് താരം കോളിൻസ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് സിറ്റിയുടെ ജയം അനായാസമാക്കി.
ഒന്നാം മിനിറ്റില്‍ തന്നെ ജാക്ക് ഗ്രീലിഷാണ് സിറ്റിയെ മുന്നിലെത്തിച്ചത്. സീസണില്‍ ഗ്രീലിഷിന്‍റെ ആദ്യ ഗോളാണിത്. കെവിൻ ഡി ബ്രൂയിനാണ് ഗ്രീലിഷിന്‍റെ ഗോളിന് അവസരമൊരുക്കിയത്.
പതിനാറാം മിനിറ്റില്‍ വലൻ കാലൻ ഷോട്ടിലൂടെ ഹാലന്‍ഡ് ലീഡുയര്‍ത്തി. തുടർന്ന് 33-ാം മിനുറ്റിൽ ഗ്രീലിഷിനെതിരായ കടുത്ത ടാക്കിൾ പുറത്തെടുത്തതിനാണ് കോളിൻസിന് ചുവപ്പ് കാർഡ് ലഭിച്ചത്. തുടർന്ന് സിറ്റി അനയാസം മത്സരം നിയന്ത്രണത്തിലാക്കി. അറുപത്തിയൊന്‍പതാം മിനിറ്റിൽ ഡി ബ്രൂയിന്‍റെ പാസിൽ നിന്നും ഫില്‍ ഫോഡനാണ് ഗോള്‍പട്ടിക തികച്ചത്.
ഏഴ് കളിയില്‍ 17 പോയിന്‍റുമായാണ് സിറ്റി പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ആറ് പോയിന്‍റുള്ള വൂള്‍വ്‌സ് പതിനാറാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച ആഴ്‌സനലാണ് പട്ടികയിൽ രണ്ടാമത്.
ഗോള്‍വേട്ട തുടര്‍ന്ന് ഹാലന്‍ഡ്;സിറ്റിക്കായി ഗോള്‍ വേട്ട തുടരുകയാണ് യുവതാരം എര്‍ലിംഗ് ഹാലന്‍ഡ്. വോള്‍വ്‌സിനെതിരെയും വലകുലക്കിയ ഹാലന്‍ഡ് പത്ത് കളിയില്‍ നേടുന്ന പതിനാലാമത്തെ ഗോളായിരുന്നു ഇത്. പ്രീമിയര്‍ ലീഗില്‍ 11 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 3 ഗോളുകളുമാണ് നേടിയത്. തുടര്‍ച്ചയായ എഴാം മത്സരത്തിലാണ് ഹാലന്‍ഡ് ഗോള്‍ നേടുന്നത്.
സൺ മാജിക്കിൽ ടോട്ടൻഹാം; ദക്ഷിണ കൊറിയൻ താരം സണ്‍ ഹ്യൂങ് മിന്നിന്‍റെ ഹാട്രിക് കരുത്തിൽ ലെസ്റ്റര്‍ സിറ്റിയെ തകർത്ത് ടോട്ടൻഹാം. രണ്ടിനെതിരെ ആര് ഗോളിനാണ് സ്‌പേഴ്‌സിന്‍റെ വിജയം. 73, 84, 86 മിനിറ്റുകളിലായിരുന്നു സണ്ണിന്‍റെ ഗോളുകള്‍. ആദ്യ ഗോൾ നേടി 13 മിനിറ്റിനകമാണ് സണ്‍ ഹാട്രിക് പൂർത്തിയാക്കിയത്.
ഹാരി കെയ്ന്‍, എറിക് ഡയര്‍, റോഡ്രിഗോ ബെന്‍റാന്‍കര്‍ എന്നിവരാണ് ടോട്ടനത്തിന്‍റെ മറ്റ് സ്‌കോറര്‍മാര്‍. യൂറി ടെലിമാന്‍സും ജയിംസ് മാഡിസണുമാണ് ലെസ്റ്ററിന്‍റെ ഗോളുകള്‍ നേടിയത്. അഞ്ചാം ജയത്തോടെ ടോട്ടന്‍ഹാം 17 പോയിന്‍റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.