ലണ്ടന്‍: ട്വിറ്റര്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പരാജയമായതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുമെന്ന് ടെസ്‌ല തലവന്‍ ഇലോണ്‍ മസ്‌ക്. തന്‍റെ രാഷ്‌ട്രീയ താത്‌പര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പമാണ് മസ്‌ക് ഇക്കാര്യം കുറിച്ചത്.
“വ്യക്തമായി പറഞ്ഞാൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടത് പകുതിയെയും ഡെമോക്രാറ്റിക് പാർട്ടിയുടെ വലത് പകുതിയെയും ഞാൻ പിന്തുണയ്‌ക്കുന്നു” എന്നാണ് മസ്‌ക് ആദ്യം ട്വീറ്റ് ചെയ്‌തത്. തൊട്ടുപിന്നാലെ താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നതായും മസ്‌ക് കുറിച്ചു.
ക്ലബിന്‍റെ മോശം പ്രകടനത്തില്‍ അമേരിക്കന്‍ ഉടമകളായ ഗ്ലാസര്‍ കുടുംബത്തിന് എതിരെ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാണ്. ഇതിനിടെയുള്ള മസ്‌കിന്‍റെ ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്‌തു. സംഭവം സത്യമാണോ എന്നറിയാന്‍ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു.
ഒടുവില്‍ നിജസ്ഥിതി മസ്‌ക് തന്നെ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. ട്വിറ്ററില്‍ ഏറെ നാളായി പ്രചരിക്കുന്ന ഒരു തമാശയാണിതെന്ന്, ഒരു സ്‌പോര്‍ട്‌സ് ടീമിനേയും താന്‍ വാങ്ങുന്നില്ലെന്നുമാണ് മസ്‌ക് വിശദീകരിച്ചത്.
അതേസമയം 2005ല്‍ 790 മില്യണ്‍ പൗണ്ടിനാണ് ഗ്ലേസർ കുടുംബം യുണൈറ്റഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന യുണൈറ്റഡിന് ഈ സീസണിലും നിലം തൊടാനായിട്ടില്ല. പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗിന് കീഴില്‍ പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച സംഘം രണ്ടിലും തോല്‍വി വഴങ്ങി.