സൂറിച്ച്: ഖത്തര്‍ ലോകകപ്പില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി, ചിലി, കൊളംബിയ എന്നിവര്‍ കളിക്കില്ലെന്ന് ഉറപ്പായി. ലാറ്റിൻ അമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത നേടിയ ഇക്വഡോറിനെതിരെ ചിലി നല്‍കിയ പരാതി ഫിഫ തളളിയതോടെയാണ് ഈ ടീമുകളുടെ സാധ്യത അസ്‌തമിച്ചത്. ഇക്വഡോര്‍ ഡിഫന്‍ഡര്‍ ബൈറോണ്‍ കാസ്റ്റിലോ കൊളംബിയന്‍ താരമാണെന്നായിരുന്നു ചിലിയുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്വഡോറിനെ അയോഗ്യരാക്കിയാല്‍ ചിലി, കൊളംബിയ, ഇറ്റലി ടീമുകളില്‍ ഒന്നിന് ഖത്തര്‍ ലോകകപ്പിന് യോഗ്യത കിട്ടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിലിയുടെ പരാതിയില്‍ അന്വേഷണം നടത്തിയെന്നും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിഫ വ്യക്തമാക്കി.
എട്ട് യോഗ്യതാ മത്സരങ്ങളിൽ കളിച്ച ഇക്വഡോർ ഡിഫൻഡർ ബൈറോൺ കാസ്റ്റിലോ അയോഗ്യനാണെന്ന അവകാശവാദത്തിൽ അച്ചടക്ക സമിതി നടപടികൾ അവസാനിപ്പിച്ചതായും ഫിഫ അറിയിച്ചു. ഇനി കായിക തര്‍ക്ക പരിഹാര കോടതിയില്‍ ചിലിക്ക് അപ്പീല്‍ നല്‍കാമെന്നും ഫിഫ പറഞ്ഞു.
ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ നാല് ടീമുകള്‍ക്കാണ് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ക്വാളിഫയര്‍ കളിക്കണം. ബ്രസീല്‍, അര്‍ജന്‍റീന, ഉറുഗ്വേ, ഇക്വഡോര്‍ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്. പെറു അഞ്ചാമതാണ്. കൊളംബിയ ആറാം സ്ഥാനത്തും, ചിലി ഏഴാം സ്ഥാനത്തും അവസാനിപ്പിച്ചതോടെ യോഗ്യത ലഭിക്കാതെ ഇരുടീമുകളും പുറത്തായിരുന്നു.
യൂറോ ചാമ്പ്യന്മാരായ ഇറ്റലിക്ക് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. പ്ലേ ഓഫിൽ നോര്‍ത്ത് മാസിഡോണിയക്കെതിരെ തോറ്റാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ മടങ്ങുന്നത്. അവസാനം നടന്ന ഫൈനലിസിമയില്‍ അര്‍ജന്‍റീനയോടും ഇറ്റലി പരാജയപ്പെട്ടിരുന്നു.