ന്യൂഡല്‍ഹി: ആര്‍ച്ചറി ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യയുടെ അഭിമാന താരം ദീപിക കുമാരി. പാരീസില്‍ നടന്ന ലോകകപ്പ് സ്റ്റേജ് 3-ല്‍ വ്യക്തിഗത ഇനത്തിലടക്കം ഹാട്രിക്ക് സ്വര്‍ണം നേടിയാണ് 27കാരിയായ ദീപിക ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്.
റാഞ്ചി സ്വദേശിയായ താരം നേരത്തെ 2012ലും ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതേസമയം ലോക കപ്പില്‍ വ്യക്തിഗത ഇനത്തിന് പുറമെ മിക്സിഡ് ഡബിള്‍സിലും, വനിതകളുടെ ടീം ഇനത്തിലുമാണ് താരം സ്വര്‍ണം എയ്തിട്ടത്.
ഇനിയും മെച്ചപ്പെടാനുണ്ടെന്ന് താരം
''ഒരു ലോക കപ്പില്‍ ഞാന്‍ മൂന്ന് സ്വര്‍ണം കണ്ടെത്തുന്നത് ആദ്യമായാണ്. ഞാന്‍ വളരെ സന്തോഷവതിയാണ് എന്നാലും വളരെയധികം പ്രധാനപ്പെട്ട പല മത്സരങ്ങളും പടിവാതില്‍ക്കലെത്തി നില്‍ക്കെ എനിക്ക് കുറച്ച് കൂടി മെച്ചപ്പെടാനുണ്ട്'' ദീപിക പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ആര്‍ച്ചര്‍ കൂടിയാണ് താരം.