പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കൂറ്റൻ അട്ടിമറി. റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്‌വദേവ് ആദ്യ റൗണ്ടിൽ തന്നെ തോൽവിയോടെ പുറത്തായി. മത്സരത്തിൽ ബ്രസീലിന്‍റെ ലോക 172-ാം നമ്പർ താരം തിയാഗോ സെയ്‌ബോത്താണ് മെദ്‌വദേവിനെ അട്ടിമറിച്ചത്. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മെദ്‌വദേവ് അടിയറവ് പറഞ്ഞത്. സ്‌കോർ: 7-6 (7/5), 6-7 (6/8), 2-6, 6-3, 6-4.
ആദ്യ സെറ്റിൽ തന്നെ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടുകൊണ്ടാണ് മെദ്‌വദേവ് തുടങ്ങിയത്. എന്നാൽ തൊട്ടടുത്ത രണ്ട് സെറ്റുകളിൽ വിജയിച്ച് രണ്ടാം നമ്പർ താരം ശക്‌തമായി തന്നെ മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ നിർണായകമായ അവസാന രണ്ട് സെറ്റുകളിൽ മെദ്‌വദേവിന് കാലിടറുകയായിരുന്നു. അതേസമയം യോഗ്യത റൗണ്ട് കളിച്ചെത്തിയ 23 കാരനായ തിയാഗോ സെയ്‌ബോത്തിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
'എന്‍റെ ജൂനിയർ കരിയറിലുടനീളം ഞാൻ ഡാനിലിന്‍റെ മത്സരങ്ങൾ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സീനിയർ കളിക്കാർക്കെതിരെ ഈ കോർട്ടിൽ കളിക്കുന്നതിനെക്കുറിച്ച് ഞാൻ എപ്പോഴും സ്വപ്‌നം കാണുമായിരുന്നു. കണ്ട ഏറ്റവും മികച്ച സ്വപ്‌നങ്ങളിൽ ഒന്ന് ഞാൻ അവരെ പരാജയപ്പെടുത്തുന്നതായിരുന്നു. അതിനാൽ ഈ വിജയം എനിക്കൊരു സ്വപ്‌ന സാക്ഷാത്‌കാരമാണ്' - സെയ്‌ബോത്ത് പറഞ്ഞു.
'ഇത് വളരെ കഠിനമായ മത്സരമായിരുന്നു. രണ്ടാം സെറ്റിന്‍റെ അവസാനം ഞാൻ കൂടുതൽ സമ്മർദത്തിലായി. ഞാൻ ആഗ്രഹിച്ച രീതിയിൽ കളിക്കാൻ എനിക്കായിരുന്നില്ല. പക്ഷേ ഞാൻ എന്‍റെ മനസിനെ ശക്‌തിപ്പെടുത്തി മികച്ച ടെന്നീസ് കളിക്കാൻ ശ്രമിച്ചു. അത് ഫലം കണ്ടു. മത്സരത്തിലെ എന്‍റെ പ്രകടനത്തിൽ ഞാൻ തികച്ചും സന്തുഷ്‌ടനാണ്' - സെയ്‌ബോത്ത് കൂട്ടിച്ചേർത്തു.
അതേസമയം വിജയത്തോടെ മറ്റൊരു തകർപ്പൻ നേട്ടവും സെയ്‌ബോത്തിന് സ്വന്തമാക്കാനായി. 2000ലെ ഫ്രഞ്ച് ഓപ്പണിൽ പീറ്റ് സാംപ്രാസിനെ മാർക്ക് ഫിലിപ്പോസിസ് തോൽപ്പിച്ചതിന് ശേഷം 23 വർഷത്തിനിടെ ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ ആദ്യ രണ്ട് സീഡുകളെ പുറത്താക്കുന്ന കളിക്കാരനായി സെയ്‌ബോത്ത്.
അതേസമയം പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് കാര്‍ലോസ് അല്‍കാരെസ്, നാലാംസീഡ് കാസ്പെര്‍ റൂഡ് എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ അമേരിക്കയുടെ 16-ാം സീഡ് ടോമി പോള്‍ സ്വിസ് താരം ഡൊമിനിക് സ്‌റ്റീഫന്‍ സ്‌റ്റിക്കറിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍: 6-3, 6-2, 6-4. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്, ചിലിയുടെ നിക്കോളാസ് ജാറി, ആന്ദ്രെ വാവസോറി, ജെനാറോ ഒലിവിയേറി എന്നിവരും ആദ്യ റൗണ്ടില്‍ ജയിച്ചു.
അതേസമയം വനിത സിംഗിള്‍സില്‍ അമേരിക്കയുടെ ആറാം സീഡ് കോകോ ഗൗഫും ഏഴാം സീഡ് ഒന്‍സ് ജാബ്യൂറും രണ്ടാം റൗണ്ടിലെത്തി. സ്‌പെയിനിന്‍റെ റെബേക്ക മസറോവയെ തകർത്താണ് സീഡ് കോകോ ഗൗഫ് വിജയം നേടിയെടുത്തത്. സ്‌കോര്‍: 3-6, 6-1, 6-2. ഇറ്റലിയുടെ ലൂസിയ ബ്രോണ്‍സെറ്റിക്കെതിരെ ഏകപക്ഷീയമായ ജയം സ്വന്തമാക്കിയത് ഒൻസ് ജാബ്യൂർ മുന്നേറിയത്. സ്കോർ സ്‌കോര്‍: 6-4, 6-1.