കോഴിക്കോട്: കോഴിക്കോട്: 'കാല്‍പന്ത് മാന്ത്രികനില്ലാതെ എന്ത് ലോകകപ്പ്' എന്നാണ് പുള്ളാവൂരിലെ പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ചോദിക്കാനുള്ളത്. അതുകൊണ്ടുതന്നെ മിശിഹയുടെയും, സുല്‍ത്താന്‍റയും കട്ടൗട്ടുകള്‍ നേരത്തെ കളംപിടിച്ചപ്പോള്‍ 'ലേറ്റായാലും ലേറ്റസ്‌റ്റായി' തന്നെ ഫുട്‌ബോള്‍ രാജാവ് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും വന്നു. പുഴയുടെ ഒഴുക്കിനെ തടയുന്നുവെന്ന പരാതിയും പഞ്ചായത്തിന്‍റെ നടപടിയുമുള്‍പ്പടെ കനത്ത വിവാദങ്ങള്‍ക്കിടെയാണ് പുള്ളാവൂരില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്.
'ലേറ്റായാലും റോണോ ലേറ്റസ്‌റ്റാണ്, ഉയരത്തിലും കേമൻ': പുള്ളാവൂരില്‍ ആരാധകരും ഒറ്റക്കെട്ട്... - പുള്ളാവൂരില്‍
മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടിന് പിന്നാലെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പടുകൂറ്റന്‍ കട്ടൗട്ടുമായി പുള്ളാവൂരിലെ പോര്‍ച്ചുഗല്‍ ആരാധകര്‍. സ്ഥാപിക്കാന്‍ ഒപ്പം കൂടി ബ്രസീല്‍, അര്‍ജന്‍റീന ആരാധകരും.
50 അടിയോളം ഉയരത്തിലുള്ളതാണ് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് . മെസി, നെയ്മർ കട്ടൗട്ടുകളെ പരിഗണിച്ചാല്‍ തലപ്പൊക്കത്തിലും ‘സിആർ7’ തന്നെയാണ് ഉയർന്നുനിൽക്കുന്നത്. ആരാധകരുടെ വൈരാഗ്യമെല്ലാം മാറ്റിവച്ച് പുള്ളാവൂരിലെ അര്‍ജന്റീന, ബ്രസീല്‍ ആരാധകരും റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിക്കാന്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ഒപ്പം ചേര്‍ന്നു. പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ആരാധകരുടെ ഒറ്റക്കെട്ടായുള്ള ശക്തിപ്രകടനം.
കാല്‍പന്ത് കളിയുടെ ത്രിമൂര്‍ത്തികളെ ഒരുമിച്ച് കാണാനായി കനത്ത മഴയെ അവഗണിച്ചും കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യേണ്ടതില്ലെന്നാണ് പുള്ളാവൂരിലെ ഫുട്ബോള്‍ പ്രേമികളുടെ തീരുമാനം. ആരാധകർ സ്ഥാപിച്ച കട്ടൗട്ടുക്കൾ നീക്കം ചെയ്യില്ലെന്നും പരാതി ലഭിച്ചാലും നടപടിയുണ്ടാകില്ലെന്നും കൊടുവള്ളി നഗരസഭയും അറിയിച്ചിട്ടുണ്ട്.